LiveTV

Live

International

ഇമ്രാന്‍ ഖാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

സത്യപ്രതിജ്ഞയുടെ തിയതി ഇമ്രാന്‍ പ്രഖ്യാപിച്ചതായി റേഡിയോ പാകിസ്താനാണ് റിപ്പോര്‍ട്ട് ചെയ്തത്

 ഇമ്രാന്‍ ഖാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താനില്‍ തഹ് രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയുടെ തിയതി ഇമ്രാന്‍ പ്രഖ്യാപിച്ചതായി റേഡിയോ പാകിസ്താനാണ് റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇമ്രാന്‍ ഖാന്റെ പി.ടി.ഐ സര്‍ക്കാരുണ്ടാക്കനായി ചെറിയ കക്ഷികളുമായി ചര്‍ച്ച തുടരുകയാണ്. പി.ടി.ഐക്ക് 116 സീറ്റുകളാണുള്ളത്. എംക്യു എം പി , ജിഡിഎ , ബലൂചിസ്ഥന്‍ അവാമി തുടങ്ങിയ കക്ഷികളുമായാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ആശയ വിനിമയം നടത്തുന്നത്. പാക് സ്വാതന്ത്ര്യദിനമായ ആഗസ്ത് 14 നു മുന്‍പ് ഇമ്രാന്‍ ഖാന്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് നഈമുല്‍ ഹഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം ഇമ്രാന്റെ പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഖൈബര്‍- പക്തൂന്ഖാ പ്രവിശ്യയുടെ മുഖ്യമന്ത്രിയെ ഉടന് പ്രഖ്യാപിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 99ല്‍ 65 സീറ്റുകളാണ് ഈ മേഖലയില്‍ പിടിഐ നേടിയത്. ഷഹബാസ് ശരീഫ് നേതൃത്വം നല്കുന്ന പിഎംഎല്‍ എനും പിപിപിയും പാര്‍ലമെന്റില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന ആരോപണം ഒരുമിച്ച് നിന്ന് ഉന്നയിക്കാനും ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്.