LiveTV

Live

International

അങ്ങനെയാണ് അമേരിക്ക നാസക്ക് ‘ജന്മം’ കൊടുത്തത്...

തങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കത്തിനുപോലും സോവിയറ്റ് യൂണിയന്‍ ഈ ശാസ്ത്ര നേട്ടം ഉപയോഗപ്പെടുത്തുമോയെന്ന് അമേരിക്ക ഭയന്നു. സോവിയറ്റ് യൂണിയന്‍റെ വെല്ലുവിളി നേരിടാന്‍ അമേരിക്ക തീരുമാനിച്ചു

അങ്ങനെയാണ് അമേരിക്ക നാസക്ക് ‘ജന്മം’ കൊടുത്തത്...

ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ് നാസ. 1958 ലാണ് നാസ സ്ഥാപിച്ചത്.

1950 കളുടെ അവസാനത്തോടെയാണ്ശീതയുദ്ധത്തിന്‍റെ അലയൊലികള്‍ ബഹിരാകാശത്തേക്കും എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1957 ഒക്ടോബര്‍ നാലിന് സോവിയറ്റ് യൂണിയന്‍റെ ആദ്യ ബഹിരാകാശ വാഹനം സ്പുടിനിക്-I, ലോകത്തെ ഞെട്ടിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍. ഒരു മാസം കഴിഞ്ഞ് നവംബര്‍ മൂന്നിന് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക്-II ല്‍ ലൈക എന്ന നായയെ ബഹിരാകാശത്തെത്തിച്ച് ചരിത്രം സൃഷ്ടിച്ചു. ഇതോടെ സോവിയറ്റ് റഷ്യ ബഹിരാകാശ പര്യവേഷണ രംഗത്ത് മേല്‍ക്കോയ്മ നേടുമെന്നുള്ള ചിന്ത അമേരിക്കയുടെ ഉറക്കം കെടുത്തി.

തങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കത്തിനുപോലും സോവിയറ്റ് യൂണിയന്‍ ഈ ശാസ്ത്ര നേട്ടം ഉപയോഗപ്പെടുത്തുമോയെന്ന് അമേരിക്ക ഭയന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് സോവിയറ്റ് യൂണിയന്‍റെ വെല്ലുവിളി നേരിടാന്‍ അമേരിക്ക തീരുമാനിച്ചു. 1958 ജൂലൈ 29ന് യു.എസ് കോണ്‍ഗ്രസ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരണത്തിന് അനുമതി നല്‍കി. അന്നത്തെ യു.എസ് പ്രസിഡന്‍റ് ഐസെന്‍ഹോവെര്‍ നാഷണല്‍ എയര്‍നോട്ടിക്സ് ആന്‍റ് സ്പേസ് ആക്ടില്‍ ഒപ്പുവെച്ചതോടെയാണ് നാസ പിറവികൊള്ളുന്നത്. അതിനു മുമ്പും അമേരിക്ക ബഹിരാകാശ ശാസ്ത്രരംഗത്ത് തങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സോവിയറ്റ് യൂണിയന്‍ അമേരിക്കയെ പിന്നിലാക്കി സാറ്റ്‍ലൈറ്റ് വിക്ഷേപണം നടത്തിയത്.

അമേരിക്കയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ പാകപ്പിഴകള്‍ ശരിയാക്കുക എന്നതായിരുന്നു സിവിലിയന്‍ ഏജന്‍സിയായ നാസയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ അമേരിക്കയുടെ ആദ്യത്തെ സാറ്റ്‍ലൈറ്റ് പരീക്ഷണം പരാജയപ്പെട്ടു. വാന്‍ഗ്വാര്‍ഡ് എന്ന പേരിട്ട ഈ ഉപഗ്രഹം വിക്ഷേപിച്ച ഉടനെ തകര്‍ന്നു വീണു. എന്നാല്‍ അടുത്ത തവണ യു.എസ് വിജയം കണ്ടു. 1958 ജനുവരി 31ന് വിക്ഷേപിച്ച എക്സ്പ്ലോറര്‍1 വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. അതില്‍പ്പിന്നെ അമേരിക്കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകത്ത അത്ഭുതപ്പെടുത്തിയ മനുഷ്യന്‍ അസാധ്യമെന്നു കരുതിയ ഒട്ടേറെ ബഹിരാകാശ പര്യവേഷണങ്ങള്‍ നാസ നടത്തി. ഇതിനിടയില്‍ ചില തിരിച്ചടികളും നാസ നേരിട്ടു. 1986ല്‍ നാസയുടെ സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ബഹിരാകാശ യാത്രികരോടൊപ്പം നിലംപതിച്ചു. 2003ല്‍ മറ്റൊരു ബഹിരാകാശ വാഹനമായ കൊളംബിയയും തകര്‍ന്നു വീണു. അന്ന് ജീവന്‍ നഷ്ടപ്പെട്ട ബഹിരാകാശ യാത്രികരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗളയും ഉണ്ടായിരുന്നു.