LiveTV

Live

International

ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന് ആളുകളെ കാണാതായി

2013ല്‍ നിര്‍മാണം ആരംഭിച്ച അറ്റപെയ് പ്രവിശ്യയിലെ ഷെ പിയാന്‍ നമ്നോയ് ഡാം ആണ് കഴിഞ്ഞ ദിവസം തകര്‍ന്നത്

ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന് ആളുകളെ കാണാതായി

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന് ആളുകളെ കാണാതായി. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ലാവോസില്‍ നിന്നുള്ള ഈ കാഴ്ചകള്‍ വേദനാജനകമാണ്. ഒറ്റരാത്രി കൊണ്ട് ആറ് ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. 6600ഓളം ആളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലയില്‍ നിന്നും ജനങ്ങള്‍ പലായനം തുടരുകയാണ്.

2013ല്‍ നിര്‍മാണം ആരംഭിച്ച അറ്റപെയ് പ്രവിശ്യയിലെ ഷെ പിയാന്‍ നമ്നോയ് ഡാം ആണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴമൂലം ഡാമിലെ വെള്ളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡാം തകര്‍ന്നതെന്നാണ് സൂചന. വെള്ളപ്പൊക്ക മേഖലകളില്‍ നിന്നും നൂറ് കണക്കിന് ആളുകളെ കാണാതായി. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ സംബന്ധിച്ചോ, കാണാതായവരെ കുറിച്ചോ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിനും ലഭിച്ചിട്ടില്ല. മേഖലയില്‍ ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ പ്രധാനമന്ത്രി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സനാക്സായി ജില്ലയിലെത്തി. ആര് ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്ത ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും മരുന്നുകളും അടിയന്തരസഹായമായി നല്‍കിയിട്ടുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.