LiveTV

Live

International

റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരെ രാസായുധ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞു

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയ സ്ക്രിപാലിനും നേരെ ബ്രിട്ടനില്‍ വെച്ച് രാസായുധ ആക്രമണം നടന്നത്

റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരെ രാസായുധ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞു

റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരെ രാസായുധ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. കുറ്റക്കാരെന്ന് സംശയിക്കുന്നവര്‍ റഷ്യന്‍ പൌരന്മാരാണെന്നും അന്വേഷണ സംഘം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയ സ്ക്രിപാലിനും നേരെ ബ്രിട്ടനില്‍ വെച്ച് രാസായുധ ആക്രമണം നടന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന ഇവര്‍ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ദീര്‍ഘനാളായുള്ള അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും സംഭവം നടന്ന ദിവസത്തോടനുബന്ധിച്ച് അതിര്‍ത്തി കടന്നെത്തിവരെ കുറിച്ചുള്ള വിവരങ്ങളുടെ സഹായത്തോടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ റഷ്യന്‍ പൌരന്‍മാര്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബ്രിട്ടനിലെ റഷ്യന്‍ അംബാസിഡര്‍ ബിബിസി ചാനലിനോട് പ്രതികരിച്ചത്. നേരത്തെ രാസായുധ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. ഈ മാസം ആദ്യം ഡോണ്‍ സ്റ്റര്‍ഗസ് എന്ന വനിതക്കും അവരുടെ ജീവിത പങ്കാളിയായ ചാര്‍ളി റോളിക്കും നേരെ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഡോണ്‍ മരിച്ചു. ചാര്‍ളി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ട് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.