LiveTV

Live

International

എണ്ണവിതരണം തടഞ്ഞ് അമേരിക്കക്കെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞതോടെ ഇറാന്റെ എണ്ണവരുമാനം എന്തു വില കൊടുത്തും തടയാനുള്ള തിടുക്കത്തിലാണ് അമേരിക്ക.

എണ്ണവിതരണം തടഞ്ഞ് അമേരിക്കക്കെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് മുഖേനയുള്ള എണ്ണവിതരണം തടഞ്ഞ് അമേരിക്കക്കെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍. ആഗോള എണ്ണ വിപണിയില്‍ വില ബാരലിന് നൂറിലെത്തുന്ന സാഹചര്യമാകും അതോടെ ഉണ്ടാവുകയെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേ സമയം യു.എസ് വിരോധത്തിന്റെ പേരില്‍ എണ്ണവിതരണം തടഞ്ഞാല്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകും.

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞതോടെ ഇറാന്റെ എണ്ണവരുമാനം എന്തു വില കൊടുത്തും തടയാനുള്ള തിടുക്കത്തിലാണ് അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അനുനയിക്കുന്നതിലും ട്രംപ് ഭരണകൂടം വിജയിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എണ്ണ ഉപയോഗിച്ചു തന്നെ അമേരിക്കയെ നേരിടാനുള്ള ഇറാന്‍ തന്ത്രവും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടാല്‍ ആഗോളവിപണിയില്‍ എണ്ണവില ഉയരുന്ന സഹചര്യം ഉണ്ടാകുമെന്നും അത് അമേരിക്കക്ക് തിരിച്ചടിയാകുമെന്നും ഇറാന്‍ കരുതുന്നു.

ഹോര്‍മുസ് മുഖേനയുള്ള എണ്ണവിതരണം തടയേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തന്നെയാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പ്രസിഡന്റിന്റെ പ്രസ്താവന പ്രയോഗതലത്തില്‍ കൊണ്ടു വരുമെന്ന് ഇറാന്‍ സൈനിക മേധാവിയും വെളിപ്പെടുത്തി. യെമനില്‍ മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കേറ്റ തിരിച്ചടി മറികടക്കാനും എണ്ണ രാഷ്ട്രീയ ആയുധമാക്കി മാറ്റാനും ഇറാന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യെമന്‍ പ്രതിസന്ധിയും ഗള്‍ഫിന്റെ പിന്തുണയോടെ നടപ്പാകുന്ന യു.എസ് ഉപരോധ നീക്കവുമാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് മുഖേനയുള്ള എണ്ണവിതരണം തടഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം അത്ര ചെറുതാകില്ല. ലോകത്ത് അസംസ്‌കൃത എണ്ണവിതരണത്തിെന്റ മുപ്പതു ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഉല്‍പാദനം ഉയര്‍ത്തി എണ്ണവില കുറക്കാന്‍ ഒപെകിനു മേല്‍ ട്രംപിെന്റ സമ്മര്‍ദം ശക്തമായിരിക്കെ, ബാരലിന് 78 ഡോളറില്‍ എത്തിനില്‍ക്കുന്ന എണ്ണവില 100ലേക്ക് ഉയര്‍ത്താന്‍ മാത്രമാകും അമേരിക്കന്‍ ഉപരോധം സഹായിക്കുക എന്നാണ് ഇറാന്റെ വാദം.