LiveTV

Live

International

രാസവിഷബാധ; ബ്രിട്ടനും റഷ്യയും തമ്മില്‍ പോര് മുറുകുന്നു

വിഷയത്തില്‍ റഷ്യ വിശദീകരണം തന്നേ പറ്റൂ എന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു

രാസവിഷബാധ; ബ്രിട്ടനും റഷ്യയും തമ്മില്‍ പോര് മുറുകുന്നു

ബ്രിട്ടനില്‍ രണ്ടു പേര്‍ക്ക് രാസവിഷബാധ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ പോര് മുറുകുന്നു. വിഷയത്തില്‍ റഷ്യ വിശദീകരണം തന്നേ പറ്റൂ എന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളുടെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കളി അനുവദിക്കില്ലെന്ന് റഷ്യയും പ്രതികരിച്ചു.

ബ്രിട്ടനിലെ അമെസ്ബറിയില്‍ 45കാരനായ ചാർലി റോവ്‌ലിയും ഭാര്യ ഡോണ്‍ സ്റ്റർജെസുമാണ് രാസ വിഷബാധയെതുടര്‍ന്ന് അബോധാവസ്ഥയിലായത്. കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലും മകൾ യൂലിയയും സാലിസ്ബറിൽ രാസായുധാക്രമണത്തിനിരയായത് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുകയും തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

സാലിസ്ബറിയിൽ നിന്ന് 16 കിലോമീറ്റർ മാത്രം ദൂരമാണ് അമെസ്ബറിയിലേക്കുള്ളത്. സ്ക്രീപലിനു നേരെ ഉപയോഗിച്ച 'നൊവിചോക്ക്' എന്ന രാസവിഷം തന്നെയാണ് അമെസ്ബറിയിയിൽ ചാർലി റോവ്‌ലി-ഡോൺ സ്റ്റർജെസ് ദമ്പതികൾക്കു നേരെയും പ്രയോഗിച്ചിട്ടുള്ളതെന്നു ബ്രിട്ടീഷ് പൊലീസ് പറയുന്നു. ഇക്കാരണത്താല്‍ റഷ്യക്ക് ഇക്കാര്യം വിശദീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

യാതൊരു തെളിവുമില്ലാതെ ഇക്കാര്യത്തില്‍ റഷ്യയെ കുറ്റപ്പെടുത്തുന്നത് വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സകറോവ പറഞ്ഞു. ഭാവിയില്‍ ബ്രിട്ടന്‍ റഷ്യയോട് ഇക്കാര്യത്തില്‍ മാപ്പു പറയേണ്ടി വരുമെന്നും റഷ്യ പ്രതികരിച്ചു.