LiveTV

Live

International

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുടുംബങ്ങളെ വേര്‍പിരിക്കില്ലെന്ന് പുതിയ നയം; അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരും...

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കുടുംബങ്ങളെ വേര്‍പിരിക്കില്ലെന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബില്ലിലെ പുതിയ മാറ്റങ്ങള്‍.

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തില്‍ ലോകവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കില്ല എന്നു പറയുന്ന പുതിയ നയത്തില്‍ പക്ഷെ കുടിയേറ്റക്കാര്‍ക്കെതിരായ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്നത് കാണാന്‍ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് ശേഷം ട്രംപ് പറഞ്ഞത്.

കുടുംബങ്ങളെ വേര്‍പിരിക്കുന്ന കുടിയേറ്റ നയത്തിനെതിരെ ലോക വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രഥമ വനിത മെലാനിയ ട്രംപും മുന്‍ പ്രഥമ വനിത ലോറാ ബുഷും ട്രംപിന്റെ നയത്തിനെതിരെ രംഗത്തുവന്നിരുന്നു. അനധികൃതമായി അഭയാര്‍ത്ഥികളെ തടവിലാക്കുകയും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നതില്‍ നിന്നും പിന്‍മാറണമെന്ന യുഎനും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ നിലപാടുകളില്‍ കാര്യമായ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായത്.

മാതാപിതാക്കളെ കുട്ടികളില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനു പുറമേ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യാനും നിഷ്‍കര്‍ഷിക്കുന്നതായിരുന്നു പഴയ ബില്‍.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ മാത്രം അന്‍പതിനായിരത്തിലധികം പേരാണ് അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ ജയിലാക്കപ്പെട്ടത്. ഈ കാലയളവില്‍ 8400 കുട്ടികളെയും അതിര്‍ത്തികളില്‍ നിന്ന് പിടികൂടിയിരുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് അഭയാര്‍ഥി തടവുകാരാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ മോചനവും വിചാരണയും കാത്ത് കഴിയുന്നത്.