LiveTV

Live

International

ഗസ്സ: അമേരിക്കയുടെ പ്രമേയം യുഎന്‍ രക്ഷാസമിതി തള്ളി

ഗസ്സ: അമേരിക്കയുടെ പ്രമേയം യുഎന്‍ രക്ഷാസമിതി തള്ളി
Summary
ഗസ്സയിലെ അക്രമങ്ങള്‍ക്ക് കാരണം ഹമാസാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ഗസ്സ വിഷയത്തില്‍ അമേരിക്ക കൊണ്ടുവന്ന കരട് പ്രമേയം യുഎന്‍ രക്ഷാസമിതി തള്ളി. ഗസ്സയിലെ അക്രമങ്ങള്‍ക്ക് കാരണം ഹമാസാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഫലസ്തീന്‍ ജനതക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു.

ഫലസ്തീന്‍ ജനതക്ക് സംരക്ഷണവും സമാധാനവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുവൈത്ത് കൊണ്ടുവന്ന കരട് പ്രമേയത്തെ അമേരിക്ക എതിര്‍ത്തു. ഹമാസാണ് ഗസ്സയിലെ അക്രമണങ്ങള്‍ക്ക് കാരണമെന്നാണ് അമേരിക്കന്‍ നിലപാട്. ഗസ്സയില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ ഇസ്രായേല്‍ സേന ആക്രമണം നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 120 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൂടാതെ ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ ആക്രമണത്തിന്റെ ഇരകളില്‍ അധികവും മാധ്യമപ്രവര്‍ത്തകരും ആരോഗ്യ മേഖലയിലെ ജീവനക്കാരുമായിരുന്നു.

വെള്ളിയാഴ്ച കുവൈത്ത് കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് റഷ്യയും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്രിട്ടണ്‍, പോളണ്ട്, നെതര്‍ലാന്‍ഡ്സ്, എത്യോപ്യ എന്നിവര്‍ വിട്ടുനിന്നു. യുഎസും പ്രധാന സഖ്യകക്ഷിയായ ഇസ്രായേലും മാത്രമാണ് കുവൈത്തിന്റെ പ്രമേയത്തെ എതിര്‍ത്തത്. കുവൈത്തിന്റെ പ്രമേയം ഏകപക്ഷീയമാണെന്നും ഫലസ്തീന്‍ ജനത ഹമാസിന്റെ ചെയ്തികളാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും യുഎസ് അംബാസഡര്‍ നിക്കി ഹാലെ രക്ഷാസമിതിയില്‍ പറഞ്ഞു.

എന്നാല്‍ അമേരിക്ക ഇസ്രായേലിനോട് അന്ധമായ വിശ്വാസ്യത കാണിക്കുകയാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്റാവി പറഞ്ഞു.