LiveTV

Live

International

മ്യാന്‍മറിലെ ആദ്യ സിവിലിയന്‍ പ്രസിഡന്റായി ഹിതിന്‍ ക്യാവിനെ തെരഞ്ഞെടുത്തു

മ്യാന്‍മറിലെ ആദ്യ സിവിലിയന്‍ പ്രസിഡന്റായി ഹിതിന്‍ ക്യാവിനെ തെരഞ്ഞെടുത്തു
Summary
ആങ് സാന്‍ സൂചിയുടെ അടുത്ത അനുയായിയാണ് ഹിതിന്‍ ക്യാവ്

മ്യാന്‍മറിലെ ആദ്യ സിവിലിയന്‍ പ്രസിഡന്റായി ഹിതിന്‍ ക്യാവ് തെരഞ്ഞെടുക്കപ്പെട്ടു. മ്യാന്‍മറിലെ ജനാധപിത്യ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിയുടെ അടുത്ത അനുയായിയാണ് ഹിതിന്‍ ക്യാവ് . അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിന് അറുതി വരുത്തിയാണ് മ്യാന്‍മറില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റത്.

പട്ടാള ഭരണത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ട ജനാധിപത്യ പോരാട്ടത്തിനൊടുവിലാണ്‍ മ്യാന്‍മറില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പില്‍ എഴുപതുകാരനായ ഹിതിന്‍ ക്യാവ് മ്യാന്‍മറില്‍ പ്രസിഡന്റായി അധികാരമേറ്റു. സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ഹിതിന്‍ ക്യാവ് രാജ്യത്തെ ജനാധിപത്യ പോരാളി ആങ് സാന്‍ സൂചിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സൂചിയോടുള്ള ജനങ്ങള്‍ക്കുള്ള സ്‌നേഹമാണ് തന്റെ ജയത്തിന് പിന്നിലെന്ന് ക്യാവ് പ്രതികരിച്ചു.

ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് പ്രസിഡന്റാകുന്നതില്‍ സൂചിക്ക് തിരിച്ചടിയായത്. സൂചിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. എന്നാല്‍ അടുത്ത അനുയായി തന്നെ അധികാരത്തിലെത്തിയതിനാല്‍ ഭരണചക്രം തിരിക്കാന്‍ സൂചിക്ക് പ്രയാസമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.