LiveTV

Live

International

ഡോണള്‍ഡ് ട്രംപ് കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച്ച സിംഗപ്പൂരില്‍

ഡോണള്‍ഡ് ട്രംപ് കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച്ച സിംഗപ്പൂരില്‍
Summary
ട്രംപ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 12നാണ് ചരിത്രപ്രധാനമായ കൂടികാഴ്ച.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച സിംഗപ്പൂരില്‍ നടക്കും. ട്രംപ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 12നാണ് ചരിത്രപ്രധാനമായ കൂടികാഴ്ച.

ലോക സമാധാനത്തിനായി ഞങ്ങള്‍ രണ്ട് നേതാക്കളും ശ്രമിക്കുമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. കൊറിയന്‍ ഉപദ്വീപിലോ മംഗോളിയയിലോ കൂടിക്കാഴ്ചക്ക് വേദി ഒരുങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും സിംഗപ്പൂരാണ് ഒടുവില്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റിന്റെ തീരുമാനം വന്നതോടെ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ചര്‍ച്ചക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിംഗപ്പൂരും ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചയെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ്.

മൂന്ന് അമേരിക്കന്‍ പൗരന്മാരെ ഉത്തര കൊറിയ മോചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം വരുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്യോംഗാഗില്‍ സന്ദര്‍ശനം നടത്തിയതും ചര്‍ച്ചയുടെ വേദിയും തീയതിയും പ്രഖ്യാപിക്കുന്നത് വേഗത്തിലാക്കി.

ഇതിനിടെ ഉത്തര കൊറിയ മോചിപ്പിച്ച അമേരിക്കന്‍ പൗരന്മാര്‍ അമേരിക്കയില്‍ തിരിച്ചെത്തി. ഇവരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉത്തര കൊറിയയെ ആണവായുധ നിര്‍മാണത്തില്‍നിന്ന് പിന്തിരിപ്പിക്കലും കൊറിയന്‍ ഉപദ്വീപിലെ പ്രശ്‌ന പരിഹാരവും അമേരിക്കഉത്തര കൊറിയ ഉഭയകക്ഷി ബന്ധവും ചര്‍ച്ചയാകും. ഇതാദ്യമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര്‍ ചര്‍ച്ച നടത്തുന്നത്.