LiveTV

Live

International

ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞന്‍ വൈദ്യസഹായത്തോടെ മരണം വരിച്ചു

ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞന്‍ വൈദ്യസഹായത്തോടെ മരണം വരിച്ചു
Summary
പ്രിയങ്കരമായ മീനും ചിപ്‌സുമെല്ലാം കഴിച്ച് ബീഥോവന്റെ ഒമ്പതാം സിംഫണിയും കേട്ട് തമാശ പറഞ്ഞാണ് ഗുഡ്ഓള്‍ തന്റെ അവസാന ഉറക്കത്തിലേക്ക് പോയത്.

ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗുഡ്ഓള്‍ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയിലൂടെ മരണം വരിച്ചു. സ്വദേശമായ ആസ്‌ത്രേലിയയില്‍ ദയാവധമോ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയോ അനുവദനീയമല്ലാത്തതിനാല്‍, സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തിയാണ് ഗുഡ്ഓള്‍ മരണം വരിച്ചത്.

നൂറ്റിനാല് വയസായിരുന്നു ഡേവിഡ് ഗുഡ്ഓളിന്. ആസ്‌ത്രേലിയയിലെ പ്രമുഖനായ സസ്യശാസ്ത്രജ്ഞനായിരുന്ന ഗുഡ്ഓള്‍ ദയാവധത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയയാളായിരുന്നു. ദയാവധം മാത്രമല്ല, ഒരു രോഗി മരണം ആഗ്രഹിച്ചാല്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ ആത്മഹത്യക്ക് സൗകര്യമൊരുക്കുന്ന നിയമം വേണമെന്ന് ഗുഡ്ഓള്‍ വാദിച്ചിരുന്നു.

നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, കൊളംബിയ, ലക്‌സംബര്‍ഗ്, കാനഡ എന്നീ രാജ്യങ്ങള്‍ മാത്രമേ ഇങ്ങനെ ഒരാള്‍ക്ക് മരണം വരിക്കാന്‍ നിയമപരമായി അനുമതി നല്‍കുന്നുള്ളൂ. നെംബ്യൂട്ടാല്‍ എന്ന വിഷപദാര്‍ത്ഥം ഡോക്ടര്‍മാര്‍ കുത്തിവെച്ച ശേഷം തന്റെ പ്രിയങ്കരമായ മീനും ചിപ്‌സുമെല്ലാം കഴിച്ച് ബീഥോവന്റെ ഒമ്പതാം സിംഫണിയും കേട്ട് തമാശ പറഞ്ഞാണ് ഗുഡ്ഓള്‍ തന്റെ അവസാന ഉറക്കത്തിലേക്ക് പോയത്.

ഗുഡ്ഓളിന്റെ മരണം പ്രായമായവര്‍ക്ക് ദയാവധം തെരഞ്ഞെടുക്കുന്നതിനുള്ള ആവശ്യത്തിന് മേല്‍ ഭരണകൂടങ്ങള്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ വഴിയൊരുക്കുമെന്ന് ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫിലിപ്പ് നിഷ്‌കേ പറഞ്ഞു.