LiveTV

Live

International

കാലാവസ്ഥ വ്യതിയാനത്തെ അനുഗ്രഹമായി കാണുന്ന ഒരു രാജ്യം...

കാലാവസ്ഥ വ്യതിയാനത്തെ അനുഗ്രഹമായി കാണുന്ന ഒരു രാജ്യം...
Summary
അമിതമായ തണുപ്പ് മൂലം പുറത്തിറങ്ങാന്‍ മടിച്ചിരുന്ന പലരും ഇപ്പോള്‍ വെയിലുകായാനായി മാത്രം പുറത്ത് സമയം ചെലവിടുകയാണ്.

കാലാസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ എന്നും ആശങ്കകളോടെയാണ് നമ്മള്‍ നോക്കികാണാറുള്ളത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയാണ് ഫ്രാന്‍സിലെ ജനങ്ങള്‍. അമിതമായ തണുപ്പ് മൂലം പുറത്തിറങ്ങാന്‍ മടിച്ചിരുന്ന പലരും ഇപ്പോള്‍ വെയിലുകായാനായി മാത്രം പുറത്ത് സമയം ചെലവിടുകയാണ്.

അറ്റ്‍ലാന്‍റിക് സമുദ്രത്തോടു ചേര്‍ന്ന ഫ്രാൻസിൻറെ സ്ഥാനം അതിന്‍റെ കാലാവസ്ഥയെ വലിയ അളവിലാണ് സ്വാധീനിക്കുന്നത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മിതമായ ഒരു മിതശീതോഷ്ണ കാലാവസ്ഥയാണ് പൊതുവില്‍ ഫ്രാന്‍സിലേത്. ശൈത്യകാലത്ത് 5 ഡ്രിഗ്രി സെല്‍ഷ്യസില്‍ വരെ താഴുന്ന താപനില വേനൽക്കാലത്ത് പോലും പരമാവധി 25 ഡിഗ്രി സെല്‍ഷ്യസില്‍ വരെയാണ് എത്താറുള്ളത്. എന്നാല്‍ ഇത്തവണത്തെ വസന്തകാലത്തിനു മുന്നോടി ആയാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉണ്ടായ താപനിലയിലെ വര്‍ധനവ് ആഹ്ലാദത്തോടെയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ ആസ്വദിക്കുന്നത്. തണുപ്പിനെ പേടിച്ച് മുന്‍പ് ഭൂരിഭാഗം സമയവും ഓഫീസുകളിലും വീടുകളിലുമായി കഴിച്ചു കൂട്ടിയിരുന്ന പലരുമിപ്പോള്‍ വെയിലു കായാനായി മാത്രം പുറത്ത് സമയം ചെലവിടുകയാണ് രാജ്യത്തെങ്ങും. തലസ്ഥാന നഗരമായ പാരിസിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലുമാണ് ഇത്തരത്തില്‍ വെയിലേല്‍ക്കാനായി നിരവധിയാളുകളെത്തുന്നത്.

പാരീസില്‍ 28 ഡ്രിഗ്രി വരെ ചൂടാണ് ഇത്തവണ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. സാധാരണയായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് രാജ്യത്ത് താപനില പരമാവധി വര്‍ധിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍ പോലും 25 ഡിഗ്രിവരെ ചൂടാണ് പരമാവധി ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 വരെയെങ്കിലും ഇതേ താപനില തുടരുമെന്നാണ് കാലാസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഏതായാലും കാലാവസ്ഥാ വ്യതിയാനങ്ങളെയോര്‍ത്ത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ആശങ്കപ്പെടുമ്പോഴാണ്, ഫ്രഞ്ചുകാര്‍ ആഹ്ലാദത്തോടെ ഉഷ്ണകാലത്തെ സ്വാഗതം ചെയ്യുന്നത്.