LiveTV

Live

International

50 വര്‍ഷം മുമ്പ് വിവാഹമോചിതരായി; അടുത്ത ആഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുന്നു

50 വര്‍ഷം മുമ്പ് വിവാഹമോചിതരായി; അടുത്ത ആഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുന്നു
Summary
ഹോല്ലന്‍ഡിന് 83 ഉം ബാര്‍നെസിന് 79 ഉം മാണ് ഇപ്പോള്‍ പ്രായം.
50 വര്‍ഷം മുമ്പ് വിവാഹമോചിതരായി; അടുത്ത ആഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുന്നു

അമേരിക്കയിലെ കെന്റകി സ്വദേശികളായ ഹാരോള്‍ഡ് ഹോല്ലന്‍ഡും ലില്ലിയന്‍ ബാര്‍നെസും കൌമാരകാലത്തിലാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 12 വര്‍ഷത്തെ ദാമ്പത്യജീവിതം, 5 മക്കള്‍- പക്ഷേ, 1968 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

പക്ഷേ, 50 വര്‍ഷത്തിന് ശേഷവും അവരുടെ ഇടയിലെ പ്രണയം മരിച്ചില്ലെന്ന തിരിച്ചറിവില്‍, പിന്നെ ഹോല്ലന്‍ഡും ബാര്‍നെസും ഒന്നും ആലോചിച്ചില്ല. അടുത്ത ആഴ്ച വീണ്ടും വിവാഹം കഴിക്കുകയാണ് ഇരുവരും. ഹോല്ലന്‍ഡിന് 83 ഉം ബാര്‍നെസിന് 79 ഉം മാണ് ഇപ്പോള്‍ പ്രായം.

''കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഞങ്ങളത് തിരിച്ചറിഞ്ഞത്, അവര്‍ പരസ്പരം വിളിക്കുന്നത് പോലും ഹണി, ബേബി എന്നൊക്കെയാണ്.. ശരിക്കും. ഇപ്പഴും കൌമാരകാലത്തെ പ്രണയിതാക്കളെപ്പോലെ തോന്നി അവരുടെ സ്നേഹം കണ്ടപ്പോള്‍ എന്നുപറയുന്നു, ഇരുവരുടെയും പേരക്കുട്ടിയായ 34 കാരന്‍ ജോഷ്വ ഹോല്ലന്‍ഡ്. ''പരസ്പരം കാണുമ്പോള്‍ ഇരുവരുടെയും മുഖത്ത് പ്രകാശം പരക്കുന്നു. രണ്ട് കൌമാരക്കാര്‍ പ്രണയത്തിലായപോലെ. കൈ പിടിക്കുന്നു, തമാശ പറയുന്നു...'' ജോഷ്വാ കൂട്ടിച്ചേര്‍ത്തു.

50 വര്‍ഷം മുമ്പ് വിവാഹമോചിതരായി; അടുത്ത ആഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുന്നു

വിവാഹമോചനത്തിന് ശേഷം ഹോല്ലന്‍ഡും ബാര്‍നെസും വീണ്ടും വിവാഹിതരായിരുന്നു.. പക്ഷേ, അപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ബന്ധം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. കുട്ടികളുടെ പിറന്നാളുകളും വിവാഹങ്ങളും എല്ലാം അവര്‍ ഒരുമിച്ച് ആഘോഷിച്ചു. 2015 ലാണ് ഇരുവരുടെയും പങ്കാളികള്‍ മരിക്കുന്നത്. രണ്ട് ബന്ധങ്ങളിലുമായി ഇരുവര്‍ക്കുമായി 10 മക്കളും 20 കൊച്ചുമക്കളും, 30 പേരക്കുട്ടികളുമുണ്ട്.

തങ്ങള്‍ വേര്‍പിരിയാന്‍ കാരണം, താനും തന്റെ തിരക്കുകളുമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് ഹോല്ലന്‍ഡ് പറയുന്നു. അല്ലെങ്കിലും ആദ്യ പ്രണയം മറക്കാന്‍ ബുദ്ധിമുട്ടല്ലേ എന്നും കൂട്ടിച്ചേര്‍ക്കുന്നു. ''ഈ 50 വര്‍ഷവും അവള്‍ക്കൊരു മാറ്റവും വരുത്തിയിട്ടില്ല. കറുത്ത മുടിയുള്ള ചാരകണ്ണുള്ള സുന്ദരി ഇപ്പോള്‍ വെളുത്ത മുടിയുള്ള ചാരക്കണ്ണുള്ള സുന്ദരിയായി എന്നുമാത്രം ഹോല്ലന്‍ഡ് പറഞ്ഞു.

50 വര്‍ഷം മുമ്പ് വിവാഹമോചിതരായി; അടുത്ത ആഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുന്നു

ലെക്സിംഗ്ടണ്‍ ട്രിനിറ്റി ബാപിസ്റ്റ് ചര്‍ച്ചില്‍ വെച്ച് ഈ മാസം 14 നാണ് ഇവരുടെ വിവാഹം. വൈദികനായ ജോഷ്വ തന്നെയാണ് ഇരുവരുടെയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിരിക്കും വിവാഹം. എന്നാലും ഒരു 300 പേര്‍ എങ്കിലും ഉണ്ടാകും. പക്ഷേ, വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും ഞങ്ങള്‍ വരുമെന്നാണ് വിവരമറിഞ്ഞവരെല്ലാം പറയുന്നതെന്ന് പറഞ്ഞ് ഹാരോള്‍ ഹോല്ലന്‍ഡ് ചിരിക്കുന്നു.