LiveTV

Live

International

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാ‍ന്‍ ശ്രമിച്ച സംഭവം; ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുകയാണെന്ന് റഷ്യ

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാ‍ന്‍ ശ്രമിച്ച സംഭവം; ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുകയാണെന്ന് റഷ്യ
Summary
ബ്രിട്ടന്‍ വ്യാജകഥയാണ് റഷ്യക്കെതിരെ തയ്യാറാക്കുന്നതെന്നും റഷ്യയുടെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൌണ്‍സിലില്‍ കുറ്റപ്പെടുത്തി

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാ‍ന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുകയാണെന്ന് റഷ്യ. ബ്രിട്ടന്‍ വ്യാജകഥയാണ് റഷ്യക്കെതിരെ തയ്യാറാക്കുന്നതെന്നും റഷ്യയുടെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൌണ്‍സിലില്‍ കുറ്റപ്പെടുത്തി. മുന്‍പും റഷ്യ ആസൂത്രണം ചെയ്ത് കൊലപാതകങ്ങള്‍‍ നടത്തിയിട്ടുണ്ടെന്ന് ബ്രിട്ടനും തിരിച്ചടിച്ചു.

ബ്രിട്ടന്‍ ചാരന് നേരെ നടന്ന രാസായുധ പ്രയോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ആക്രമണത്തെ കുറിച്ചുള്ള ബ്രിട്ടന്റെ ആരോപണത്തിന് റഷ്യ രൂക്ഷമായ മറുപടി നല്‍കിയത്. ബ്രിട്ടന്‍ തീകൊണ്ട് കളിക്കുകയാണെന്നും ഇതിന് പിന്നീട് ഖേദിക്കേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

റഷ്യയെ മോശമാക്കാന്‍ നടത്തുന്ന പ്രചാരണ വേലയാണിതെന്നും അംബാസഡര്‍ കുറ്റപ്പെടുത്തി. രാസായുധ ആക്രമണത്തിന് വിധേയയായ സെര്‍ജെ സ്ക്രിപാല്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ തുടരുകയാണ്. എന്നാല്‍ മകളുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം.