LiveTV

Live

International

ഫേസ്ബുക്കിന് തെറ്റ്പറ്റിയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന് തെറ്റ്പറ്റിയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
Summary
ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 50 മില്ല്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പിനടക്കം ഉപയോഗിച്ചെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് സക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നിരീക്ഷക കമ്പനിയായ കേംബ്രിഡ്ജ് അനലെറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം വിവാദമായ അടിസ്ഥാനത്തിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ഫേസ്ബുക്കില്‍ മാറ്റങ്ങളുടെ നിര തന്നെ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.

അതോടെ ആപ്ലിക്കേഷനുകള്‍ക്ക് വിവരം എടുത്ത് ഇടപാടു നടത്താന്‍ അതിവേഗം കഴിയില്ലെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ഇപ്പോള്‍ ഫേസ്ബുക്കും വിവരങ്ങള്‍ കൈമാറിയവരും തമ്മില്‍ വിശ്വാസഭംഗം വന്നുവെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അതില്‍ ‍വീഴ്ചവന്നാല്‍ സേവനം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു . സംശയാസ്പദമായി ഏതെങ്കിലും ആപ്ലിക്കേഷന്‍ കണ്ടെത്തിയാല്‍ വിശദമായ ഓഡിറ്റ് നടത്തുമെന്നതടക്കമുള്ള കാര്യങ്ങളും സക്കര്‍ബര്‍ഗ് പങ്ക് വെച്ചിട്ടുണ്ട്.