LiveTV

Live

International

സിറിയൻ പ്രതിസന്ധി; ശക്​തമായ നിലപാട്​ സ്വീകരിക്കാൻ കഴിയാതെ അറബ്​ ലോകം

സിറിയൻ പ്രതിസന്ധി; ശക്​തമായ നിലപാട്​ സ്വീകരിക്കാൻ കഴിയാതെ അറബ്​ ലോകം
Summary
സിറിയൻ തലസ്​ഥാനമായ ദമസ്​കസിനോട്​ ചേർന്ന കിഴക്കൻ ഗൂതയിൽ ആയിരക്കണക്കിന്​ നിരപരാധികളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്​.

സിറിയൻ പ്രതിസന്ധി രൂക്ഷമായിട്ടും ശക്​തമായ നിലപാട്​ സ്വീകരിക്കാൻ കഴിയാതെ അറബ്​ ലോകം. ഒറ്റപ്പെട്ട രാജ്യങ്ങൾ സഹയ വാഗ്​ദാനം പ്രഖ്യാപിച്ചുവെന്നല്ലാതെ സംഘർഷം അവസാനിപ്പിക്കാൻ ഏകോപിത നീക്കം നടത്തുന്നതിലും അറബ്​ ലീഗ്​, ഒ​.​ഐ.സി കൂട്ടായ്​മകൾ പരാജയപ്പെടുകയാണ്​.

സിറിയൻ തലസ്​ഥാനമായ ദമസ്​കസിനോട്​ ചേർന്ന കിഴക്കൻ ഗൂതയിൽ ആയിരക്കണക്കിന്​ നിരപരാധികളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്​. ദുരന്തത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്​ യു.എൻ ഉൾപ്പെടെ അന്താരാഷ്​ട്ര സംവിധാനങ്ങൾ. റഷ്യയും ഇറാനും നൽകുന്ന സൈനിക പിന്തണയിലാണ്​ ബശ്ശാറൽ അസദി​ന്റെ ക്രൂരത തുടരുന്നത്​. പ്രശ്​നത്തിൽ ഉറച്ച രാഷ്​ട്രീയ നിലപാട്​ സ്വീകരിക്കാനോ അന്തർദേശീയ സമ്മർദം രൂപപ്പടുത്താനോ അറബ്​ ലീഗ്​, ഒ.എ.സി കൂട്ടായ്​മകൾക്ക്​ സാധിച്ചിട്ടില്ല. അടിയന്തര യോഗം ചേരണമെന്ന ആവശ്യവും നീളുകയാണ്​. ഖത്തറുമായുള്ള അകൽച്ച തുടരുന്നതിനാൽ യോജിച്ച നിലപാട്​ സ്വീകരിക്കുന്നതിൽ ഗൾഫ്​ കൂട്ടായ്​മയായ ജി.സി.സിയും പരാജയപ്പെടുകയാണ്​. അമേരിക്കയാവട്ടെ, തികഞ്ഞ മൗനത്തിലും. ഇറാനെ ഒറ്റപ്പെടുത്താൻ ഗൾഫ്​ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനപ്പുറം തൽക്കാലം മറ്റൊന്നിനും ട്രംപ്​ ഭരണകൂടം പരിഗണന നൽകുന്നുമില്ല.

തുർക്കിയാണ്​ റഷ്യ, ബശ്ശാറുൽ അസദ്​ കൂട്ടുകെട്ടിനെതിരെ സൈനിക നടപടിയുമായി രംഗത്തുള്ളത്​. മേഖലയെ കൂടുതൽ വലിയ അരക്ഷിതാവസ്​ഥയിലേക്കും വിനാശകരമായ യുദ്ധത്തിലേക്കുമാകും സിറിയൻ പ്രതിസന്ധി നയിക്കുകയെന്ന ആശങ്ക ശക്​തമാണ്​. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും കൃത്യമായ ഇടപെടൽ നടത്താൻ വിസമ്മതിക്കുകയാണ്​.