LiveTV

Live

International

കുഞ്ഞിന്റെ ചികിത്സാ ചെലവിനായി അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു

കുഞ്ഞിന്റെ ചികിത്സാ ചെലവിനായി അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു
Summary
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചു കഴിഞ്ഞു.
കുഞ്ഞിന്റെ ചികിത്സാ ചെലവിനായി അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു

ചൈനയിലെ ഷെന്‍ഹായ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തുവെച്ച് ചിത്രീകരിച്ച ഒരു വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. കുഞ്ഞിന്റെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണം കണ്ടെത്താന്‍ മറ്റുവഴികളൊന്നുമില്ലാത്തിനാല്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുകയാണ് ആ ദമ്പതികള്‍. കുഞ്ഞിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇങ്ങനെ 100000 യുവാന്‍ സമാഹരിക്കുകയാണ് അവരുടെ ലക്ഷ്യം. ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ.

ചൈനയിലെ മിയോപൈ എന്ന വീഡിയോ സൈറ്റില്‍ പീര്‍ വീഡിയോ ടീം ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനയുടെ സോഷ്യല്‍ മീഡിയയായ സിന വെയ്ബോ വീഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലാകുകയായിരുന്നു. 2.4 മില്യണിലധികം പേരാണ് സിന വെയ്ബോയില്‍ ഈ വീഡിയോ കണ്ടത്. 5000 ത്തിലധികം കമന്‍റുകളുമുണ്ട്.

കുഞ്ഞിന്റെ ചികിത്സാ ചെലവിനായി അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു

തങ്ങളുടെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളാണ് ഷെന്‍ഴാനിലെ ബവോവന്‍ ഡിസ്ട്രിക്ട് പീപ്പിള്‍സ് ഹോസ്‍പിറ്റലില്‍ ചികിത്സയിലുള്ളത്. അവളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് തങ്ങളീ വഴി സ്വീകരിച്ചതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം യുവാന്‍ വേണമെന്ന് ഡോക്ടര്‍ അറിയിച്ചതായി പിതാവ് വീഡിയോയിലൂടെ പറയുന്നുണ്ട്.

ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. ദമ്പതികളുടെ കുഞ്ഞിനെ രക്ഷിക്കാനായി സെല്‍ മില്‍ക് സേവ് ഗേള്‍ എന്ന ആശയമുയര്‍ത്തിയുള്ള പ്രചരണത്തിനും ചൈനയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചു കഴിഞ്ഞു. താഴ്‍ന്ന വരുമാനക്കാര്‍ക്ക് രോഗം വന്നാല്‍, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഇതിന് 3000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. എന്നാല്‍ സഹായമഭ്യര്‍ത്ഥിക്കുന്നതിന് സ്വീകരിച്ച ഏറ്റവും മോശം വഴിയായിപ്പോയി ഇത് എന്ന വിമര്‍ശവും ഉയരുന്നുണ്ട്.