LiveTV

Live

International

സിറിയയില്‍ വിമതരേയും ഉള്‍പ്പെടുത്തി ഭരണഘടനാ കമ്മിറ്റി രൂപീകരിക്കും

സിറിയയില്‍ വിമതരേയും ഉള്‍പ്പെടുത്തി ഭരണഘടനാ കമ്മിറ്റി രൂപീകരിക്കും
Summary
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവ്, സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ ചര്‍ച്ച നടന്നത്.

സിറിയന്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. സോച്ചിയില്‍ റഷ്യന് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് തീരുമാനം. ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന വിമത പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും കമ്മിറ്റി രൂപീകരണം എന്ന് റഷ്യ അറിയിച്ചു.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവ്, സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ അസദ് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന തരത്തിലായിരുന്ന ചര്‍ച്ചകള്‍ സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമത പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ അവശേഷിച്ചത് ഒരു വിഭാഗം മാത്രമായിരുന്നു.

ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ മുന്നോടിയായിരുന്നു റഷ്യയിലെ നീക്കങ്ങള്‍. ഒടുവില്‍ സമാധാനം പുനസ്ഥാപിക്കാനായി ഒരു ഭരണഘടനാ കമ്മിറ്റി രൂപം നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. അസദ് സര്‍ക്കാര്‍ പ്രതിനിധികള്‍ ആരെല്ലാം കമ്മിറ്റിയില്‍ വേണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായി. ചര്‍ച്ച ബഹിഷ്‌കരിച്ച വിമത വിഭാഗത്തെയും കമ്മിറ്റിയില്‍ ഉള്‍പെടുത്തുമെന്ന് സെര്‍ജി ലാവ്‌റോവും സ്റ്റഫാന്‍ ഡി മിസ്തുറയും വ്യക്തമാക്കി.

യോഗം പുതിയ ഒരു ഭരണഘടനാ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളെയും വിമത വിഭാഗത്തെയും ഉള്‍പ്പെടുത്താനും ശ്രമിക്കും. പുതിയ കമ്മിറ്റ രൂപീകരണവും തുടര്‍ന്നുള്ള നടപടിക്രമങ്ങളും ജനീവയില്‍ നടത്താനാണ് ധാരണ. പുതിയ തീരുമാനത്തോട് വിമതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അസദ് സര്‍ക്കാരിനെ പിന്തുണക്കുന്ന റഷ്യന്‍ ശ്രമങ്ങളെ വിമതര്‍ ഇപ്പോഴും നിശിതമായ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. സമാധാന ചര്‍ച്ചക്ക് മുന്‍കയ്യെടുക്കുന്ന റഷ്യ ആളുകളെ കൊന്നൊടുക്കുകയാണെന്നും വിമത പക്ഷം പറയുന്നു