LiveTV

Live

International

യുഎന്‍ രക്ഷാസമിതിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് അമേരിക്ക

യുഎന്‍ രക്ഷാസമിതിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് അമേരിക്ക
Summary
15 അംഗ രക്ഷാസമിതിയില്‍ അമേരിക്കയൊഴിച്ചുള്ളവരെല്ലാം തീരുമാനത്തിനെതിരെ നിലപാടെടുത്തത് ട്രംപിന് വന്‍ തിരിച്ചടിയായി.

യുഎന്‍ രക്ഷാസമിതിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് യുഎസ്. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും എതിര്‍ത്തു. 15 അംഗ രക്ഷാസമിതിയില്‍ അമേരിക്കയൊഴിച്ചുള്ളവരെല്ലാം തീരുമാനത്തിനെതിരെ നിലപാടെടുത്തത് ട്രംപിന് വന്‍ തിരിച്ചടിയായി.

യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്വീഡൻ, ഇറ്റലി, ജപ്പാൻ എന്നീ രാഷ്ട്രങ്ങളടക്കം രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നു. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം ഏകപക്ഷീയവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയിലിടപെട്ട 14 അംഗങ്ങളും തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിക്കുകയും കിഴക്കൻ ജറുസലേം ഇസ്രയേൽ അധിനിവേശ പ്രദേശമാണെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. തങ്ങളുടെ എംബസി ടെൽഅവീവിൽ തന്നെ തുടരുമെന്നു ബ്രിട്ടീഷ് പ്രതിനിധിയും യുഎന്നില്‍ വ്യക്തമാക്കി. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ ജറൂസലേമിന്റെ പദവി അന്തിമമായി തീരുമാനിക്കാവൂ എന്ന് യോഗശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. സമാധാനപ്രക്രിയയിൽ ഒരു കക്ഷിയുടെ മേധാവിത്വം അംഗീകരിക്കില്ലെന്നും സമാധാന പ്രക്രിയയില്‍ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ റോള്‍ അവര്‍ സ്വയം നശിപ്പിച്ചതായും ഫലസ്തീന്‍ പ്രതിനിധിയും യോഗത്തില്‍ ചൂണ്ടിക്കാട്ടി.