LiveTV

Live

International

ഭൂമി കൂട്ടവംശനാശത്തിലേക്ക്, മുന്നറിയിപ്പ് നല്‍കി 15000 ശാസ്ത്രജ്ഞര്‍

ഭൂമി കൂട്ടവംശനാശത്തിലേക്ക്, മുന്നറിയിപ്പ് നല്‍കി 15000 ശാസ്ത്രജ്ഞര്‍
Summary
ഇത് രണ്ടാം തവണയാണ് ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഒന്നുചേര്‍ന്ന് മാനവരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന കൂട്ട വംശനാശത്തെക്കുറിച്ച് ഗുരുതര മുന്നറിയിപ്പുമായി ശാസ്ത്രജ്ഞരുടെ സംഘം. 184 രാജ്യങ്ങളിലെ 15000 ശാസ്ത്രജ്ഞരാണ് ഈ മുന്നറിയിപ്പ് രേഖയില്‍ ഒപ്പുവെച്ചിരിക്കുന്നത്. മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാകുന്നുവെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഒന്നുചേര്‍ന്ന് മാനവരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 1992ല്‍ 1700 ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു മുന്നറിയിപ്പ് രേഖയില്‍ ഒപ്പിട്ടിരുന്നത്. ആദ്യത്തെ മുന്നറിയിപ്പിന് ശേഷം ലോകജനസംഖ്യയിലുണ്ടായ വര്‍ധനവും മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. ഇതോടെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കാന്‍ ആഗോള ശാസ്ത്രസമൂഹം തയ്യാറായിരിക്കുന്നത്.

ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലാണ് ഭൂമിയെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ശാസ്ത്രലോകം നല്‍കിയിട്ടുണ്ട്. ഭൂമിയിലെ ആവാസവ്യവസ്ഥയെ മാറ്റി മറിക്കുന്ന പരിസ്ഥിതി എഞ്ചിനീയര്‍മാരെന്നാണ് കൂട്ടവംശനാശത്തിന് കാരണമാകുന്ന ജീവജാലങ്ങളെ വിശേഷിപ്പിക്കുന്നത്. ആറാമത്തെ കൂട്ടവംശനാശത്തിന് കാരണമാകുന്ന പരിസ്ഥിതി എഞ്ചിനീയര്‍മാര്‍ മനുഷ്യരാകുമെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ പരിസ്ഥിതിയില്‍ മനുഷ്യന്റെ ഇടപെടലിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര മാറ്റങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിന് പിന്നില്‍.

പ്രതീക്ഷിക്കുന്ന കൂട്ടവംശനാശത്തെ പ്രതിരോധിക്കാനായി പതിമൂന്ന് നിര്‍ദ്ദേശങ്ങളും ശാസ്ത്രസംഘത്തിന്റെ രേഖയില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഭൂമിയിലെ ജനസംഖ്യ കുറയ്ക്കുകയെന്നതാണ് ഇതിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി സര്‍ക്കാരുകള്‍ എടുത്തുകളയുക ഹരിത ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുക സസ്യഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ പോകുന്നു ശാസ്ത്രലോകത്തിന്റെ നിര്‍ദ്ദേശങ്ങള്‍. സമയം കൂടുതല്‍ വൈകും മുമ്പ് വിവിധ രാജ്യങ്ങള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ശാസ്ത്രലോകം ഓര്‍മ്മിപ്പിക്കുന്നു.