LiveTV

Live

International

ഇന്ത്യന്‍ ഉപഭൂഖണ്ഡം 2100 ഓടെ വാസയോഗ്യമല്ലാതെയാകുമെന്ന് പഠനം

ഇന്ത്യന്‍ ഉപഭൂഖണ്ഡം 2100 ഓടെ വാസയോഗ്യമല്ലാതെയാകുമെന്ന് പഠനം
Summary
ആഗോളതാപനത്തിന്‍റെ ഫലമായി ഓരോ വർഷവും ഉയരുന്ന ചൂട്​ ഈ പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയുടെ അടിവേരിളക്കുമെന്ന്​

ഒമാൻ ഉൾപ്പെടെ മധ്യപൂർവേഷ്യയുടെ ഭാഗങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന തെക്കൻ ഏഷ്യയുടെ ഭാഗങ്ങളും 2100 ഓടെ വാസയോഗ്യമല്ലാതാകുമെന്ന്​ പഠനം. ആഗോളതാപനത്തിന്‍റെ ഫലമായി ഓരോ വർഷവും ഉയരുന്ന ചൂട്​ ഈ പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയുടെ അടിവേരിളക്കുമെന്ന്​ അമേരിക്കയിലെ മസാച്ചുസെറ്റ്സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡം 2100 ഓടെ വാസയോഗ്യമല്ലാതെയാകുമെന്ന് പഠനം

ലോകത്ത്​ ഏറ്റവും കൂടുതൽ ചൂട്​ അനുഭവപ്പെട്ടത്​ കഴിഞ്ഞ വർഷമാണ്​. ഉയരുന്ന ചൂട്​ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാർഷിക വിളകളുടെ നാശത്തിന്​ വഴിയൊരുക്കും. ഇത്​ വലിയ അളവിലുള്ള ഭൂമിയെ വാസയോഗ്യമല്ലാതാക്കും. ഒപ്പം ആഗോള ഭക്ഷ്യവിതരണ ശൃംഖലയെ ഇത്​ തകിടം മറിക്കുമെന്നും പ്രബന്ധത്തിൽ പറയുന്നു. ഇന്ത്യയുടെയും പാകിസ്താന്‍റെയും ബംഗ്ലാദേശിന്‍റെയും സാമ്പത്തിക സാമൂഹിക സുസ്ഥിതിയിൽ ഭക്ഷ്യോൽപന്ന മേഖലക്ക്​ വലിയ പങ്കാണുള്ളത്​. അതിനാൽ വിളനാശം ഈ മൂന്നു രാഷ്ട്രങ്ങളെയും കാര്യമായി തന്നെ ബാധിക്കും. ആവാസ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്കും കാലാവസ്ഥാ ദുരന്തങ്ങൾക്കും കാരണമാക്കുമെന്നും ഡോ. ജെറമി പാൾ പറഞ്ഞു.

ആഗോളതാപനിലയിൽ രണ്ട്​ ഡിഗ്രിയുടെ വർധനവുണ്ടാകുന്ന പക്ഷം പരിഹരിക്കാൻ കഴിയാത്ത പരിസ്ഥിതി നാശത്തിന്​ തന്നെ വഴിവെക്കും. രണ്ട്​ ഡിഗ്രി വർധനവിന്‍റെ പകുതി ഇതിനകം തന്നെ പിന്നിട്ടതായി ജെറമി പാൾ പറഞ്ഞു. ചൂട്​ കൂടുന്നതിന്‍റെ ദൂഷ്യവശം എയർ കണ്ടീഷനറുകൾ ലഭ്യമല്ലാത്ത, പുറം ജോലിക്കാരായ പാവപ്പെട്ടവരാണ്​ കൂടുതലായി അനുഭവിക്കേണ്ടിവരുക. നിർമാണം, വ്യാപാരം, ഗതാഗതം, പെട്രോളിയം, കാർഷികം, ജലകൃഷി, മൽസ്യബന്ധനം തുടങ്ങിയ വാണിജ്യ മേഖലകളെയും വരുംവർഷങ്ങളിൽ ആഗോളതാപനം ബാധിക്കും. കാലാവസ്ഥാ മാറ്റത്തിന്‍റെ ദൂഷ്യവശങ്ങൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ഒമാനിൽ റിസർച്ച്​ കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്​.