LiveTV

Live

International

ആഫ്രിക്കന്‍ അഭയാര്‍ഥികളെ നിയമവിധേയമാക്കുമെന്ന് അല്‍ജീരിയ

ആഫ്രിക്കന്‍ അഭയാര്‍ഥികളെ നിയമവിധേയമാക്കുമെന്ന് അല്‍ജീരിയ
Summary
രാജ്യത്തുടനീളം നടന്ന വംശീയ വിദ്വേഷങ്ങള്‍ക്കൊടുവിലാണ് ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനവുമായി അല്‍ജീരിയന്‍ പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്.

ആഫ്രിക്കന്‍ അഭയാര്‍ഥികളെ നിയമവിധേയമാക്കുമെന്ന് അല്‍ജീരിയ. ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കായി താമസാവകാശവും ജോലിയെടുക്കാനും സാധിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കും.അഭയാര്‍ഥികള്‍ക്കെതിരായ പ്രചാരണവും രാജ്യത്ത് ശക്തമാണ്.

രാജ്യത്തുടനീളം നടന്ന വംശീയ വിദ്വേഷങ്ങള്‍ക്കൊടുവിലാണ് ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനവുമായി അല്‍ജീരിയന്‍ പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനും ജോലിയെടുക്കാനും അവകാശം നല്‍കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ജീരിയയിലെ കാര്‍ഷിക-നിര്‍മാണ മേഖലയില്‍ ജോലിയെടുക്കാന്‍ ആളുകളുടെ ക്ഷാമം വലിയ രീതിയിലാണ് നേരിടുന്നത്. അത് മറികടക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അനധികൃത ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ സെന്‍സെസെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നടപടി പൂര്‍ത്തിയാകുന്നതോടെ താമസാധികാര സര്‍ട്ടിഫിക്കറ്റ് ഓരോര്‍ത്തര്‍ക്കും കൈമാറുമെന്നും അവര്‍ക്ക് രാജ്യത്ത് തൊഴിലെടുക്കാമെന്നും പ്രധാനമന്ത്രി അബ്ദല്‍ മജീദ് ടെബൂണ്‍ രാഷ്ട്രീയ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പദ്ധതിയുടെ ബാഗമാകാന്‍ മറ്റ് നിബന്ധനകളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തെ ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അല്‍ജീരിയയില്‍ 30 ശതമാനം പൌരന്‍മാരും തൊഴില്‍ രഹിതരാണ്. എന്നാല്‍ ഓയില്‍-ഗ്യാസ് മേഖലകളിലൊഴിച്ച് മറ്റ് രംഗങ്ങളില്‍ ജോലിയെടുക്കാന്‍ യുവാക്കള്‍ക്ക് താത്പര്യമില്ലയെന്നത് രാജ്യത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം രാജ്യത്ത് ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കെതിരായ ക്യാന്പെയിനും ശക്തമാണ്. കഴിഞ്ഞ ദിവസം അഭയാര്‍ഥികള്‍ക്കെതിരെ അജ്ഞാത ഓണ്‍ലൈന്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ രാജ്യത്ത് ജോലി ചെയ്യുന്നത് എച്ച്ഐവി വൈറസ് വ്യാപിക്കാന്‍ കാരണമാകുമെന്നതാണ് പ്രചാരണങ്ങളില്‍ പ്രധാനം. എന്നാല്‍ അനധികൃത അഭയാര്‍ഥികള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അല്‍ജീരിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനൌദ്യോഗിക കണക്ക് പ്രകാരം ഒരുലക്ഷത്തോളം അഭയാര്‍ഥികളാണ് അല്‍ജീരിയയില്‍ ഉള്ളത്.