LiveTV

Live

International

സിറിയ വീണ്ടും രാസായുധ ആക്രമണത്തിനൊരുങ്ങുന്നു; ആരോപണവുമായി അമേരിക്ക

സിറിയ വീണ്ടും രാസായുധ ആക്രമണത്തിനൊരുങ്ങുന്നു; ആരോപണവുമായി അമേരിക്ക
Summary
നീക്കവുമായി മുന്നോട്ട് പോയാല്‍ അസദ് ഭരണകൂടത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

സിറിയയില്‍ ബശാറുല്‍ അസദ് വീണ്ടും രാസായുധ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച് അമേരിക്ക. അമേരിക്കന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയാല്‍ അസദ് ഭരണകൂടത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

സിറിയയിലെ സാധാരണക്കാരായ ജനങ്ങളെ അപകടത്തിലാക്കുന്ന രാസായുധ ആക്രമണത്തിന് ബശാറുല്‍ അസദ് വീണ്ടും തയ്യാറെടുക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്‍റലിജന്‍സ് വൃത്തങ്ങളുടേതാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ഖാന്‍ ഷെയ്ഖൌനില്‍ അസദ് നടത്തിയ രാസായുധ ആക്രമണത്തിന് സമാനമായാണ് പുതിയ പദ്ധതിയെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വീണ്ടും അത്തരമൊരു ആക്രമണമുണ്ടായാല്‍ അസദ് ഭരണകൂടത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് വൈറ്റ് ഹൌസ് മുന്നറിയിപ്പ് നല്‍കി.

ഇതാദ്യമായാണ് നയതന്ത്രതലത്തില്‍ അല്ലാതെ രാസായുധ ആക്രമണ വിവരം സംബന്ധിച്ച് വൈറ്റ് ഹൌസ് പരസ്യ പ്രഖ്യാപനം നടത്തുന്നത്. അസ്വാഭാവികമായ നടപടിയാണ് അമേരിക്കയുടേതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പകരം അമേരിക്ക എന്ത് കൊണ്ടാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാത്തത് എന്നാണ് സിറിയന്‍ ആക്ടിവിസ്റ്റുകളുടെ പക്ഷം.

2013ലെ കരാര്‍ ലംഘിച്ച് സിറിയ ഇപ്പോഴും രാസായുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു. എന്നാല്‍ ആരോപണം അസദ് നിഷേധിച്ചു.
രാസായുധം പ്രയോഗിക്കുന്നതിലൂടെ യുദ്ധകുറ്റമാണ് സിറിയ ചെയ്യുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിമര്‍ശിച്ചു. ഏപ്രിലില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 70 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിറിയന്‍ വ്യോമകേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക തിരിച്ചടിക്കുകയും ചെയ്തിരുന്നു.