LiveTV

Live

International

ഒബാമയുടെ കുടിയേറ്റനിയമത്തിന് ഇനി നിയമസാധുതയില്ലെന്ന് ട്രംപ്

ഒബാമയുടെ കുടിയേറ്റനിയമത്തിന് ഇനി നിയമസാധുതയില്ലെന്ന് ട്രംപ്
Summary
രേഖകളില്ലാതെ കുടിയേറുന്നവരെ തടയാന്‍ മെക്സിക്കോ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഒബാമ സർക്കാര്‍ കൊണ്ടുവന്ന കുടിയേറ്റനിയമത്തിന് ഇനി നിയമസാധുത ഉണ്ടാകില്ലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ നിയമം കൊണ്ടുവരുന്നതുവരെ കുടിയേറ്റം തടയാന്‍ മെക്സിക്കോ നടപടി സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരോടുള്ള സമീപനം കര്‍ശനമാക്കുമ്പോഴും മെക്സിക്കോ അതിർത്തിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വർധിക്കുകയാണ്.

രേഖകളില്ലാതെ കുടിയേറുന്നവരെ തടയാന്‍ മെക്സിക്കോ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. യുവാക്കളായ കുടിയേറ്റക്കാർക്ക് നിയമപരിരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറും രൂപീകരിച്ചിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, ഒബാമ സർക്കാരിന്റെ കുടിയേറ്റ നിയമമായിരുന്ന ഡിഎസിഎ ഇല്ലാതായെന്നും ട്വീറ്റ് ചെയ്തു. കുട്ടിക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കുന്ന നിയമം ആയിരുന്നു ഡി.എസി.എ. മെക്സിക്കോ അതിര്‍ത്തിയില്‍ മതിൽ പണിയണമെന്നും മതിയായ അതിര്‍ത്തി നിയമങ്ങൾ വരണമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. മയക്കുമരുന്നും കുറ്റകൃത്യവും തടയരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഡെമോക്രാറ്റുകൾ അതിർത്തി വേണ്ടെന്ന് പറയുന്നത്.. നോർത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ വഴി മെക്സിക്കോ സമ്പാദ്യം ഉണ്ടാക്കുകയാണ്. അവർക്ക് ശക്തമായ അതിർത്തി നിയമങ്ങളുണ്ട് , അമേരിക്കയുടേത് ദുർബലമാണ്. പുതിയ കുടിയേറ്റ നിയമം വരുന്നത് വരെയെങ്കിലും കുടിയേറ്റക്കാരെ മെക്സിക്കോ തടയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ട്വീറ്റ് വകവെക്കാതെ അമേരിക്കയിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക് വർധിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 1500 പേരാണ് അമേരിക്കയിലേക്ക് എത്തിയത്. മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഹോണ്ടുറാസ്, എൽ സാൽവഡോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ കൂടുതലും. അമേരിക്കയിലേക്ക് കടക്കാന്‍ കുടിയേറ്റക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്ന മെക്സിക്കോയുടെ തെക്കൻ സംസ്ഥാനമായ ഒക്സാക്ക വഴിയാണ് ഇവരും കുടിയേറിയത്. ഓക്സാക്കയില്‍ പ്രദേശിക ഭരണകൂടം കുടിയേറ്റക്കാര്‍ക്കായി പ്രത്യേക വാഹനസൌകര്യം ഒരുക്കി നൽകുന്നുണ്ട്.. കുടിയേറ്റ സംഘങ്ങൾ ഭക്ഷണം, വെള്ളം, താമസം എന്നിവയും ലഭ്യമാക്കും. റിപ്പോർട്ടനുസരിച്ച്, 250 കുട്ടികളും 400 സ്ത്രീകളും ഒക്സാക്കയിൽ നിന്ന് വന്ന ഈ കുടിയേറ്റ സംഘത്തിലുണ്ട്.. അമേരിക്കയില്‍ എത്തുമെന്ന പ്രതീക്ഷയില്‍ മെക്സിക്കോയില്‍ നിന്നും ഏകദേശം 3,000 കി.മീറ്റർ ആണ് ഇവര്‍ സഞ്ചരിക്കുന്നത്.