LiveTV

Live

International

വിന്നി മണ്ടേല അന്തരിച്ചു

വിന്നി മണ്ടേല അന്തരിച്ചു
Summary
ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ വിന്നി മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ വിന്നി മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ഭാര്യയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിലെ സമരോജ്വലമായ ഒരധ്യായത്തിനാണ് വിന്നി മണ്ടേലയുടെ മരണത്തോടെ അവസാനമായിരിക്കുന്നത്. വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ നെൽസൺ മണ്ടേലക്കൊപ്പം തോൾ ചേർന്നു നിന്ന വിന്നിയുടെ സംഭാവനകൾ ചെറുതായിരുന്നില്ല. അറസ്റ്റുകളും ഏകാന്ത തടവും എന്നും വിന്നിയുടെ ഒപ്പമുണ്ടായിരുന്നു. 1967ൽ ഭരണകൂടം വിന്നിയെ ഒന്നര വർഷത്തെ തടവിന് ശിക്ഷിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി തവണ വിന്നിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭരണകൂടത്തിന്റെ ആക്രമണങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പാണ് വിന്നി എക്കാലത്തും നടത്തിയത്.

മണ്ടേലയുടെ ജയിൽവാസ കാലത്ത് അദ്ദേഹത്തിന്‍റെ ആശയങ്ങൾ പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു. ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ഭാരവാഹിയായിരുന്നെങ്കിലും എഎന്‍സിയുടെ ചട്ടക്കൂടിൽ ഒതുങ്ങുന്നതായിരുന്നില്ല വിന്നിയുടെ പ്രവർത്തനങ്ങൾ. തീപ്പൊരി പ്രസംഗങ്ങളും അസാമാന്യധൈര്യവും വിന്നിക്ക് രാജ്യത്തുടനീളം അനുയായികളെ നേടികൊടുത്തു. ഇതിനിടെ വിവാദങ്ങളും വിന്നിയെ പിന്‍തുടർന്നു.

എന്നാൽ വിവാദങ്ങളെയെല്ലാം അതിജീവിച്ച വിന്നി അസാമാന്യ തിരിച്ചു വരവാണ് നടത്തിയത്. എഎന്‍സിയുടെ വനിതാ വിഭാഗം അധ്യക്ഷയായി 1994 ലെ ആദ്യതെരഞ്ഞെടുപ്പിൽ ജയിച്ച വിന്നി ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതൽ ദക്ഷിണാഫ്രിക്കയുടെ പാർലമെന്‍റ് അംഗമാണ്.

38 വർഷം നെല്‍സണ്‍ മണ്ടേലയുമായുള്ള ദാമ്പത്യം നീണ്ടുനിന്നെങ്കിലും ഇതില്‍ 28 വര്‍ഷം മണ്ടേല ജയിലിലായിരുന്നു. 1996ല്‍ ഇരുവരും വിവാഹ മോചിതരായി.