LiveTV

Live

International

അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതമവസാനിക്കാതെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍

അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതമവസാനിക്കാതെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍
Summary
കോക്സെസ് ബസാറിലെത്തിയ 25 അനാഥക്കുട്ടികള്‍ക്ക് ക്യാമ്പിലെ ഇസ്‍ലാമിക് സ്കൂളാണ് അഭയം നല്‍കിയിരിക്കുന്നത്.

അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതമവസാനിക്കാതെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍. ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകളില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കോക്സെസ് ബസാറിലെത്തിയ 25 അനാഥക്കുട്ടികള്‍ക്ക് ക്യാമ്പിലെ ഇസ്‍ലാമിക് സ്കൂളാണ് അഭയം നല്‍കിയിരിക്കുന്നത്.

ലോകമനസാക്ഷിക്കു മുന്നിലെ തീരാമുറിവ്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും ആക്രമിച്ച് ആട്ടിയോടിക്കപ്പെട്ടവര്‍. അതിര്‍ത്തി കടന്ന് അവര്‍ ബംഗ്ലാദേശിലെത്തി. പക്ഷേ ദുരിതജീവിതത്തിന് അറുതിയായില്ല. റോഹിങ്ക്യകളില്‍ കുടുംബത്തെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കോക്സെസ് ബസാറിലെ ഇസ്‍ലാമിക് സ്കൂളില്‍ ഇപ്പോള്‍ 25 കുട്ടികളുണ്ട്. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവര്‍. റാഖൈന്‍ സ്റ്റേറ്റില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കുടുംബം നഷ്ടപ്പെട്ട കുട്ടികളാണിവര്‍. സ്വന്തം മാതാപിതാക്കളെ സൈന്യം കഴുത്തറുത്ത് കൊന്നത് നേരിട്ട് കാണേണ്ടിവന്ന കുട്ടികളുണ്ട് ഇക്കൂട്ടത്തില്‍.

കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും ഇസ്‍ലാമിക് സ്കൂളാണ് നല്‍കുന്നത്. ഖുര്‍ആനും അറബിക്കും ഇവിടെ നിന്നും കുട്ടികള്‍ പഠിക്കുന്നുണ്ട്. അതോടൊപ്പം കാണാതായ ബന്ധുക്കളെ കണ്ടെത്താനും സ്കൂളധികൃതര്‍ സഹായിക്കുന്നു. അതേസമയം, കാലവര്‍ഷം അടുത്തതോടെ അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ കുടുപലോങ്ങ് ക്യാമ്പുകളില്‍ താമസിക്കുന്ന റോഹിങ്ക്യകളെയാണ് മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശ് സര്‍ക്കാര്‍ വിട്ട് നല്‍കിയ 123 ഏക്കര്‍ സ്ഥലത്താണ് താത്കാലിക ക്യാമ്പ് നിര്‍മാണം. കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയ സൈനികാക്രമണത്തെ തുടര്‍ന്നാണ് മ്യാന്മറില്‍ നിന്നും റോഹിങ്ക്യകള്‍ പലായനം ചെയ്തത്. ഏഴ് ലക്ഷത്തോളം റോഹിങ്ക്യകളാണ് ഇതുവരെ ബംഗ്ലാദേശിലേക്കെത്തിയത്.