LiveTV

Live

International

റോഹിങ്ക്യകളുടെ കൂട്ടശവകുടീരങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കി

റോഹിങ്ക്യകളുടെ കൂട്ടശവകുടീരങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കി
Summary
മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍ കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ചെന്ന് മനുഷ്യാവകാശ സംഘങ്ങള്‍

മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍ കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ചെന്ന് മനുഷ്യാവകാശ സംഘങ്ങള്‍. രാഖെയ്നിലെ റോഹിങ്ക്യകളുടെ കൂട്ടശവകുടീരങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കിയെന്നാണ് ആരോപണം.

മ്യാന്‍മറില്‍ അരാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി സുരക്ഷാ ചെക്ക് പോസ്റ്റ് ആക്രമിച്ചതോടെയാണ് റോഹിങ്ക്യകളുടെ ദുരിതം ആരംഭിച്ചത്. ഈ ആക്രമണത്തിന് ശേഷം റോഹിങ്ക്യകള്‍ക്കെതിരെ കടുത്ത നടപടിയാണ് സൈന്യം നടത്തിയത്. 2017 ആഗസ്റ്റിന് ശേഷം ആയിരത്തോളം റോഹിങ്ക്യകളെ സൈന്യം കൂട്ടക്കൊല ചെയ്തെന്നാണ് കണക്കുകള്‍. ഏഴ് ലക്ഷത്തോളം ആളുകള്‍ ജീവനും കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് പ്രധാനമായും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

ലോകരാജ്യങ്ങള്‍ ഒന്നടങ്കം മ്യാന്‍മര്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നടപടികളെ അപലപിച്ചു. വംശീയ ഉന്മൂലനമാണ് മ്യാന്‍മറില്‍ നടന്നതെന്ന കടുത്ത വിമര്‍ശനങ്ങള്‍ വരെ ഉണ്ടായി. എന്നാല്‍ അതിനെയെല്ലാം മ്യാന്‍മര്‍ ഭരണകൂടം നിഷേധിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. റോഹിങ്ക്യകളെ കൊന്നൊടുക്കിയ ശേഷം കൂട്ടത്തോടെ കുഴിച്ചിട്ടത് പ്രധാനമായും വടക്കന്‍ രാഖെയ്നിലെ മോഗ്‌യുവിലായിരുന്നു. ഈ കുഴിമാടങ്ങളില്‍ ചിലതാണ് തെളിവ് നശിപ്പിക്കുന്നതിനായി ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തി നശിപ്പിച്ചത്. സെന്‍ട്രല്‍ മ്യാന്‍മറില്‍ നിന്നുള്ള സ്വകാര്യ കമ്പനികളാണ് ഇത് ചെയ്തതെന്നാണ് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സൈന്യം അന്വേഷണം നടത്തുന്ന സൈന്യം ഇത്തരം കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന് കഴി‍ഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ യുഎന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മ്യാന്‍മറിലേക്ക് പ്രവേശനം നല്‍കിയിട്ടില്ല. രാഖൈയ്നില്‍ സൈന്യം വംശീയ ഉന്മൂലനം നടത്തിയെന്നാണ് കുഴിമാടങ്ങള്‍ നശിപ്പിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. എന്നാല്‍, ഈ ആരോപണത്തെ സര്‍ക്കാര്‍ നിഷേധിച്ചു. പ്രാദേശിക ഭരണകൂടം ആ പ്രദേശം വൃത്തിയാക്കുകയായിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് സോ ഹിറ്റെ പറഞ്ഞു. അവിടെ ഗ്രാമവാസികളോ വീടുകളോ ഇല്ലായിരുന്നു. നിരപ്പായ പ്രദേശമായിരുന്നു അതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. റോഹിങ്ക്യകളെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ ഗ്രാമം ഇവിടെയാണുണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.