LiveTV

Live

International

ദേശീയഗാന വരികളിലെ ലിംഗ അസമത്വം ഭേദഗതി ചെയ്യാന്‍ കാനഡ

ദേശീയഗാന വരികളിലെ ലിംഗ അസമത്വം ഭേദഗതി ചെയ്യാന്‍ കാനഡ
Summary
ഭരണ കക്ഷിയായ ലിബറല്‍ അംഗമായ മോറില്‍ ബെലാങ്കര്‍ ആണ് 2016ല്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.

കനേഡിയന്‍ ദേശീയ ഗാനമായ ഓ കാനഡയുടെ ഇംഗ്ലീഷ് പതിപ്പിലെ ലിംഗ അസമത്വം ഭേദഗതി ചെയ്യാനുള്ള ബില്‍ കനേഡിയന്‍ സെനറ്റ് പാസാക്കി. ബില്‍ ഗവര്‍ണര്‍ ജനറലിന്‍റെ അനുമതിക്കായി അയച്ചു. ദേശീയ ഗാനത്തിലെ 'ഇന്‍ ഓള്‍ ദൈ സണ്‍സ് കമാന്‍ഡ്' എന്ന വരി 'ഇന്‍ ഓള്‍ ഓഫ് അസ് കമാന്‍ഡ്' എന്നാക്കി മാറ്റാനുള്ള ബില്ലാണ് സെനറ്റില്‍ പാസായത്. ഭരണ കക്ഷിയായ ലിബറല്‍ അംഗമായ മോറില്‍ ബെലാങ്കര്‍ ആണ് 2016ല്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എതിര്‍പ്പ് കാരണം ബില്‍ പാസാവാതെ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ശബ്ദവോട്ടിനിട്ടാണ് ബില്‍ പാസായത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കനേഡിയന്‍ ദേശീയ ഗാനത്തിലെ രണ്ട് വാക്കുകള്‍ മാറ്റാനുള്ള ബില്ല് പാസാവുന്നത്.

2010 ലും സമാനമായ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബില്‍ പാസാക്കാതെ തള്ളുകയായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ രചിക്കപ്പെട്ട ഓ കാന‍ഡ 1980 ലാണ് കാന‍ഡയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. 1913ല്‍ ഓ കാനഡയുടെ ഇംഗ്ലീഷ് പതിപ്പ് പരിഷ്കരിച്ചപ്പോഴാണ് വിവാദമായ ലിംഗവിവേചന പ്രയോഗം ഉള്‍പ്പെട്ടത്.

ഇതിനെതിരെ ഗാനം രചിച്ച മാര്‍ഗറെറ്റ് അറ്റ്‍വൂഡും മുന്‍പ്രധാനമന്ത്രി കിം കാമ്പെല്ലും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എല്ലാ കാനഡക്കാരേയും സമത്വത്തോടെ അവതരിപ്പിക്കുന്ന തരത്തില്‍ വരികള്‍ മാറ്റണമെന്നാവശ്യപ്പെട്ട് വനിതകളുടെ നേതൃത്വത്തില്‍ 2013 ല്‍ കാമ്പയ്നും ആരംഭിച്ചിരുന്നു.

ദേശീയഗാനത്തില്‍ ഭേതഗതി ആവശ്യപ്പെട്ടുള്ള 12 ബില്ലുകളാണ് ഇതുവരെ കനേഡിയന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അതൊക്കെ തള്ളിപ്പോവുകയായിരുന്നു. ഗവര്‍ണര്‍ ജനറലുടെ അനുമതി ലഭിക്കുന്നതോടെ പുതിയ ബില്‍ നിയമമാവും. അതേസമയം ബില്ല് പാസാക്കിയതിനെ എതിര്‍ത്തും ചിലര്‍ രംഗത്തെത്തുന്നുണ്ട്.