LiveTV

Live

International

സംഘര്‍ഷങ്ങള്‍ക്കിടെ വെനിസ്വേലയില്‍ പുതിയ ഭരണഘടനാ അസംബ്ലി അധികാരമേറ്റു

സംഘര്‍ഷങ്ങള്‍ക്കിടെ വെനിസ്വേലയില്‍ പുതിയ ഭരണഘടനാ അസംബ്ലി അധികാരമേറ്റു
Summary
ഭരണ ഘടനാ ഭേദഗതിക്കുള്ള കരട് തയ്യാറാക്കുകയാണ് പുതിയ അസംബ്ലിയുടെ ലക്ഷ്യം

സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ വെനിസ്വേലയില്‍ പുതിയ ഭരണഘടനാ അസംബ്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ തീരുമാനം. ഭരണ ഘടനാ ഭേദഗതിക്കുള്ള കരട് തയ്യാറാക്കുകയാണ് പുതിയ അസംബ്ലിയുടെ ലക്ഷ്യം.

വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നിലപാടുകള്‍ക്കെതിരെ വന്‍ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പുതിയ ഭരണഘടനാ അസംബ്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 545 അംഗ അസംബ്ലിയില്‍ മദുറോക്ക് പുറമെ അദ്ദേഹത്തിന്റെ ഭാര്യയും മകനും അംഗങ്ങളാണ്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ തലസ്ഥാനമായ കരാക്കസില്‍ അസംബ്ലിയുടെ ഉദ്ഘാടനം നടന്നു.

മുന്‍ വിദേശകാര്യ മന്ത്രി ഡെല്‍സി റോഡ്രിഗസിനെയാണ് ഭരണഘടനാ അസംബ്ലിയുടെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. വെനിസ്വേലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടികള്‍ കര്‍ശനമാക്കുമെന്ന് റോഡ്രിഗസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന വോട്ടെടുപ്പിലൂടെയാണ് ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളെ തെര‍ഞ്ഞെടുത്തത്. മദുറോക്ക് അധികാരത്തില്‍ പിടിച്ചു തൂങ്ങാനുള്ള മാര്‍ഗമാണിത് എന്നാരോപിച്ച് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. മാസങ്ങളായി തുടരുന്നു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. സമരക്കാര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം .