LiveTV

Live

International

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി ഐക്യരാഷ്ട്രസഭയോട് അമേരിക്ക

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി ഐക്യരാഷ്ട്രസഭയോട് അമേരിക്ക
Summary
ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രശ്നങ്ങള്‍ നേരിടുന്നതിന് 195 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടിയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് അമേരിക്ക ഐക്യരാഷ്ട്രസഭക്ക് കത്തയച്ചു. കരാറിലെ വ്യവസ്ഥകളിന്‍മേല്‍ ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ കത്തിലുണ്ട്. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് നടപടി ക്രമങ്ങള്‍.

ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രശ്നങ്ങള്‍ നേരിടുന്നതിന് 195 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടിയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചാണ് അമേരിക്കയുടെ പിന്‍മാറ്റം. ഉടമ്പടിയിലെ വ്യവസ്ഥകളിന്‍മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തില്‍ പറയുന്നു. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടതായി വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അറിയിച്ചു.

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ തന്നെ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉടന്പടിയെന്നും കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നും ട്രംപ് ആരോപിച്ചു. മുന്‍ അമേരിക്കന്‍‍ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്ത് കൊണ്ടുവന്ന കരാര്‍ കൂടിയാണിത്. അമേരിക്കയുടെ നിലപാടില്‍ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും വന്‍ പ്രതിഷേധം അറിയിച്ചിരുന്നു.