LiveTV

Live

International

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് 75 വയസ്

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് 75 വയസ്
Summary
ആകെ 9 കപ്പലുകള്‍ മുങ്ങി. 21 കപ്പലുകള്‍ക്ക് സാരമായ തകര്‍ന്നു. 2402 പേര്‍ ഒരു പിടി ചാരമായി. പരിക്കേറ്റത് 1282 പേര്‍ക്ക്. ജപ്പാന് 29 വിമാനങ്ങള്‍ നഷ്ടമായി

പേള്‍ഹാര്‍ബറില്‍ ജപ്പാന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ഇന്നേക്ക് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. 1941 ഡിസംബര്‍ ഏഴിന് രാവിലെ അരമണിക്കൂര്‍ നീണ്ടു നിന്ന ബോംബാക്രമണം അന്ന് അമേരിക്കന്‍ നാവിക സേനയേയും കപ്പലുകളേയും നാമാവശേഷമാക്കി. രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ തള്ളിയിട്ടത് ഈ ആക്രമണമാണ്.

അമേരിക്കന്‍ ഐക്യനാടുകളുടെ നാവികത്താവളമായിരുന്നു പേള്‍ഹാര്‍ബര്‍. രണ്ടാം ലോക മഹായുദ്ധക്കാലം. 1941 ഡിസംബര്‍ 7, ഞായറാഴ്ച്ച. സമയം രാവിലെ 7.51. ജപ്പാന്‍ സാമ്രാജ്യത്തിന്റെ നാവിക സേന, അഡ്മിറല്‍ ചുയിചി നഗുമോയുടെ നേതൃത്വത്തില്‍ 350 പോര്‍വിമാനങ്ങളുമായി പേള്‍ഹാര്‍ബറിലേക്ക്. ജപ്പാനെതിരായ അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള സൈനിക മുന്നേറ്റം തകര്‍ക്കലായിരുന്നു ലക്ഷ്യം.

183 വിമാനങ്ങള്‍ പങ്കെടുത്ത ആദ്യ മുന്നേറ്റത്തില്‍ സൈനിക സ്ഥാപനങ്ങളും ഫോര്‍ഡ് ദ്വീപിലെ സൈനിക വിമാനത്താവളങ്ങളും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 08:30ന് നടന്ന രണ്ടാം മുന്നേറ്റത്തില്‍ 170 വിമാനങ്ങള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍പടയെ ആക്രമിച്ചു. യുദ്ധക്കപ്പലായ യു.എസ്.എസ്. അരിസോണയിലെ ആയുധശേഖരം പൊട്ടിത്തെറിച്ചു പിളര്‍ന്നു.

ആകെ 9 കപ്പലുകള്‍ മുങ്ങി. 21 കപ്പലുകള്‍ക്ക് സാരമായ തകര്‍ന്നു. 2402 പേര്‍ ഒരു പിടി ചാരമായി. പരിക്കേറ്റത് 1282 പേര്‍ക്ക്. ജപ്പാന് 29 വിമാനങ്ങള്‍ നഷ്ടമായി. ഇതേ തുടര്‍ന്നാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കുചേരുന്നത്. ഹിരോഷിമയും നാഗസാക്കിയും ലക്ഷ്യം വെച്ച് പറന്നെത്തിയ ആണവ ബോംബുകള്‍ വര്‍ഷിച്ച് ആജീവനാന്ത ദുരന്തം നല്‍കിയാണ് അമേരിക്ക ഇതിന് പകരം വീട്ടിയത്. ഇരു മുറിവുകളും ഇന്നും ഉണങ്ങാതെ ബാക്കി നില്‍ക്കുന്നു.