LiveTV

Live

International

തുര്‍ക്കി-യൂറോപ്യന്‍ യൂനിയന്‍ ചര്‍ച്ചകള്‍ വഴിമുട്ടി

Summary
തുര്‍ക്കി-യൂറോപ്പ് ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. യൂറോപ്പിലേക്കുള്ള വിസരഹിത യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകള്‍വഴിമുട്ടിയിരിക്കുകയാണെന്ന് തുര്‍ക്കി യൂറോപ്യന്‍യൂനിയന്‍ കാര്യമന്ത്രി വോള്‍ക്കന്‍ ബോസ്കിര്‍ പറഞ്ഞു

തുര്‍ക്കി-യൂറോപ്പ് ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. യൂറോപ്പിലേക്കുള്ള വിസരഹിത യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകള്‍വഴിമുട്ടിയിരിക്കുകയാണെന്ന് തുര്‍ക്കി യൂറോപ്യന്‍യൂനിയന്‍ കാര്യമന്ത്രി വോള്‍ക്കന്‍ ബോസ്കിര്‍ പറഞ്ഞു. കരാര്‍ നടപ്പാക്കാന്‍ വൈകിയാല്‍ തുര്‍ക്കി സ്വന്തം വഴിനോക്കുമെന്ന ഉര്‍ദുഗാന്‍റെ താക്കീതിന് പിന്നാലെയാണ് യൂറോപ്യന്‍യൂനിയന്‍ കാര്യമന്ത്രിയുടെ പ്രസ്താവന.

ഭീകര വിരുദ്ധനിയമത്തില്‍ മാറ്റം വരുത്തണമെന്ന യൂറോപ്യന്‍യൂനിയന്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തുര്‍ക്കി. കുര്‍ദ്ദ് വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമുണ്ടെന്നാണ് തുര്‍ക്കിയുടെ വാദം. തുര്‍ക്കിയുടെ ഭീകരവാദ വിരുദ്ധ നിയമം മറ്റ് രാജ്യങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ബോസ്കിര്‍ പറഞ്ഞു. ‌യൂറോപ്യന്‍യൂനിയന്‍ ഉദ്യോഗസ്ഥരുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പരാമര്‍ശം.

യൂറോപ്യന്‍യൂനിയനെതിരെ തുര്‍ക്കി പ്രസിഡന്‍റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബോസ്കിറിന്‍റെ പരാമര്‍ശം.വിസ രഹിത യൂറോപ്പ് യാത്ര എന്ന കരാറില്‍ നിന്ന് യൂറോപ്യന്‍ യൂനിയന്‍ പിന്നോട്ട് പോയാല്‍ തുര്‍ക്കി സ്വന്തം വഴി നോക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അഭയാര്‍ഥികളുടെ പ്രശ്നത്തേക്കാള്‍ യൂറോപ്പിന് വലുത് മൃഗങ്ങളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളാണെന്നും കൊളോണിയല്‍ ‍മാനസികാവസ്ഥയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മോചിതരായിട്ടില്ലെന്നും ഉര്‍ദുഗാന്‍ വിമര്‍ശിച്ചു. തുര്‍ക്കി പൌരന്മാരുടെ വിസരഹിത യാത്രക്ക് യൂറോപ്യന്‍യൂനിയന്‍ 72 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഭീകരവാദവിരുദ്ധ നിയമത്തിന്‍റെ ഭേദഗതിയടക്കം 5 നിര്‍ദ്ദേശങ്ങള്‍ തുര്‍ക്കി ഇനിയും അംഗീകരിച്ചിട്ടില്ല.