LiveTV

Live

International

അമേരിക്കയിലേക്കുള്ള സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ പരിശോധിക്കും

അമേരിക്കയിലേക്കുള്ള സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ പരിശോധിക്കും
Summary
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതാണ് നീക്കമെന്ന് ദ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍

അമേരിക്കയിലേക്കുള്ള സന്ദര്‍ശകരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ പരിശോധിക്കും. ഇതിനായുളള നിയമഭേദഗതിക്ക് ശുപാര്‍ശ നല്‍കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അമേരിക്ക സന്ദര്‍ശിക്കാനായി വിസക്ക് അപേക്ഷ നല്‍കുന്നവരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ പരിശോധിക്കാനാണ് നീക്കം. സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് മുന്നോട്ട് വെച്ച നിര്‍ദേശം മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് ഓഫീസ് അംഗീകരിച്ചാല്‍ വിസക്ക് അപേക്ഷ നല്‍കുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നല്‍കിയിട്ടുള്ള വ്യക്തിവിവരങ്ങളും കൈമാറണം. ഈ വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക. കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍, ഈമെയില്‍ ഐഡി, വിദേശയാത്രയുടെ വിവരങ്ങള്‍, എന്നിവയെല്ലാം വിസക്ക് അപേക്ഷിക്കുന്നവര്‍ നല്‍കണം.

മുമ്പ് ഏതെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടോ, കുടുംബാംഗങ്ങള്‍ ആരെങ്കിലും ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. കുടിയേറ്റ വിസയാണെങ്കിലും അല്ലാത്ത വിസയാണെങ്കിലും ഇത് ബാധകമായിരിക്കും. ഒരു വര്‍ഷം ഏകദേശം 14.7 മില്യണ്‍ ജനങ്ങള്‍ക്ക് ഇത് ബാധകമാവും. തീവ്രവാദം തടയാന്‍ രാജ്യത്തേക്ക് വരുന്ന വിദേശികളെ സൂക്ഷ്മപരിശോധന നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതാണ് നീക്കമെന്ന് ദ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അഭിപ്രായപ്പെട്ടു.