LiveTV

Live

International

2.6 ലക്ഷത്തിന് ഒരൊറ്റ ദിവസം കൊണ്ട് നിര്‍മ്മിക്കാവുന്ന വീട്

2.6 ലക്ഷത്തിന് ഒരൊറ്റ ദിവസം കൊണ്ട് നിര്‍മ്മിക്കാവുന്ന വീട്
Summary
ഐക്കണ്‍- ന്യൂ സ്റ്റോറി സഹകരണത്തിലുള്ള ത്രിഡി വീടുകള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാരെത്തി തുടങ്ങി...

വികസ്വര അവികസിത രാജ്യങ്ങളിലെ പാര്‍പ്പിട പ്രശ്‌നത്തിനൊരു പരിഹാരമെന്ന നിലയിലാണ് ഒരൊറ്റ ദിവസം കൊണ്ട് നിര്‍മ്മിക്കാവുന്ന 2.6 ലക്ഷത്തിന്റെ വീട് വരുന്നത്. 3ഡി പ്രിന്റിംങ് സ്ഥാപനമായ ഐക്കണും എന്‍ജിഒയായ ന്യൂസ്‌റ്റോറിയുമാണ് ഈ 3ഡി പ്രിന്റിംങ് മെഷീനില്‍ നിര്‍മ്മിക്കുന്ന ഈ വീടിനായി കൈകോര്‍ത്തിരിക്കുന്നത്. നാലായിരം ഡോളര്‍ മാത്രമാണ്(ഏകദേശം 2.6 ലക്ഷം) ഓരോ വീടിനും ചെലവ് വരുന്നതെന്നതും പരമാധി പേരിലേക്ക് ഈ വീടെത്തിക്കാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു.

ടെക്‌സസിലെ ഓസ്റ്റിനില്‍ നടക്കുന്ന എസ്എക്‌സ്എസ്ഡബ്ല്യു എക്‌സിബിഷനില്‍ തങ്ങളുടെ 3 ഡി പ്രിന്റഡ് രൂപം ഐക്കണ്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഒരൊറ്റ നിലയില്‍ 600-800 ചതുരശ്ര അടി വലിപ്പമുള്ളതാണ് വീട്. വുള്‍ക്കന്‍ 3ഡി പ്രിന്റര്‍ ഉപയോഗിച്ച് 24 മണിക്കൂറില്‍ താഴെ സമയം കൊണ്ട് വീട് നിര്‍മ്മാണം കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. അതേസമയം സുരക്ഷയുടേയും ഭംഗിയുടേയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഇത്തരം വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കാര്യമായ മാലിന്യങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് ഈ ത്രിഡി വീടിനെ പരിസ്ഥിതി സൗഹൃദവുമാക്കുന്നു. വെള്ളം കുറവുള്ളതോ വൈദ്യുതി ഇല്ലാത്തതോ തൊഴിലാളികളെ കിട്ടാത്തതോ ആയ സ്ഥലത്ത് പോലും ഈ ത്രിഡിവീട് നിര്‍മ്മിക്കാനാകും. വികസ്വര- അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, വരുമാന സാധ്യതകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് ന്യൂസ്റ്റോറി.

2.6 ലക്ഷത്തിന് ഒരൊറ്റ ദിവസം കൊണ്ട് നിര്‍മ്മിക്കാവുന്ന വീട്

ഐക്കണ്‍- ന്യൂ സ്റ്റോറി സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ത്രിഡി വീടുകള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാരെത്തി തുടങ്ങി. അടുത്തവര്‍ഷം എല്‍ സാല്‍വദോറിലായിരിക്കും ആദ്യ പദ്ധതി ഇവര്‍ നടപ്പിലാക്കുക. നൂറ് വീടുകളാണ് ഇവര്‍ എല്‍സാല്‍വദോറില്‍ നിര്‍മ്മിക്കുക. ഓരോ പ്രദേശത്തിനും അനുസരിച്ച് വീടുകളുടെ ആകൃതികളിലും സൗകര്യങ്ങളിലും മാറ്റം വരുത്താനും സാധിക്കും.

നേരത്തെയും വളരെയെളുപ്പത്തില്‍ ത്രിഡി പ്രിന്ററുപയോഗിച്ച് വീട് നിര്‍മ്മിക്കാമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. 2014ല്‍ കൂറ്റന്‍ ത്രിഡി കോണ്‍ക്രീറ്റ് പ്രിന്ററുപയോഗിച്ച് 2500 ചതുരശ്ര അടിയുടെ വീട് കോണ്‍ടോര്‍ ക്രാഫ്റ്റ് എന്ന കമ്പനി നിര്‍മ്മിച്ചിരുന്നു. 24 മണിക്കൂറിനുള്ളിലാണ് ഈ ത്രിഡി വീട് നിര്‍മ്മിച്ചത്.