ദുരൂഹത അവശേഷിപ്പിച്ച് മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം

239 പേരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായിട്ട് നാല് വര്‍ഷം. ഇപ്പോഴും വിമാനത്തെ കുറിച്ചോ അപകടത്തില്‍ പെട്ട ആളുകളെ കുറിച്ചോ കൃത്യമായ വിവരങ്ങളില്ല. നാല് വര്‍ഷം പിന്നിടുമ്പോഴും അപകടത്തില്‍ പെട്ട വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കാണാതായവരുടെ കുടുംബാംഗങ്ങള്‍.
ബെയ്ജിങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതാകുന്നത്. നിരവധി അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ വിമാനം എവിടെയാണ് കാണാതായതെന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു. എന്നാല്‍ അപകടത്തില്‍ കാണാതായ വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കാണാതായവരുടെ ബന്ധുക്കള്‍. ദുരന്തത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് അവര്‍ ക്വാലാലംപൂരില്‍ ഒത്തുകൂടി.
2017 ജനുവരിയില്‍ വിമാനം കണ്ടെത്തുന്നതിനായി മലേഷ്യക്കൊപ്പം ചേര്‍ന്ന് ചൈനയും ആസ്ട്രേലിയയും 120,000 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തി. പിന്നീട് ഇത് 25,000 ചതുരശ്ര കിലോമീറ്ററിലേക്കു കൂടി വ്യാപിപ്പിച്ചു. നിരാശ തന്നെയായിരുന്നു ഫലം. 200 മില്ല്യണ്‍ ഡോളറാണ് ഇതിനായി രാജ്യങ്ങള്‍ ചെലവഴിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തു നിന്നും മലേഷ്യന്‍ വിമാനത്തിന്റേതെന്ന പേരില്‍ നിരവധി അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും കാണാതായ ആളുകളെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്.