LiveTV

Live

International

മനുഷ്യ ശബ്ദങ്ങളെ അനുകരിക്കുന്ന കൊലയാളി തിമിംഗലം

മനുഷ്യ ശബ്ദങ്ങളെ അനുകരിക്കുന്ന കൊലയാളി തിമിംഗലം
Summary
14 വയസുള്ള വിക്കിയെന്ന കൊലയാളി തിമിംഗലമാണ് മനുഷ്യശബ്ദത്തെ അനുകരിച്ച് ലോകത്തെ ഞെട്ടിക്കുന്നത്. 

തത്തയും മൈനയും പോലുള്ള പക്ഷികള്‍ മനുഷ്യ ശബ്ദം അനുകരിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ കടലിലുള്ള ഒരു തിമിംഗലം തന്നെ മനുഷ്യന്റെ ശബ്ദം അനുകരിച്ചാലോ? സംഭവം സത്യമാണെന്നാണ് ഫ്രാന്‍സിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. 14 വയസുള്ള വിക്കിയെന്ന കൊലയാളി തിമിംഗലമാണ് മനുഷ്യശബ്ദത്തെ അനുകരിച്ച് ലോകത്തെ ഞെട്ടിക്കുന്നത്.

വെറും ശബ്ദം മാത്രമല്ല മനുഷ്യര്‍ ഉപയോഗിക്കുന്ന പല വാക്കുകളും ഈ തിമിംഗലം അനുകരിക്കുന്നുണ്ട്. ഹലോ, ആമി, ബൈ ബൈ എന്നിങ്ങനെ പല വാക്കുകളും വിക്കി പറയുന്നുണ്ട്. ഫ്രാന്‍സിലെ ആന്റീബ്‌സ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തിലാണ് വിക്കിയുടെ താമസം. പക്ഷികളും ചില സസ്തനികളും മനുഷ്യ ശബ്ദം അനുകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു തിമിംഗലം ഈ കൂട്ടത്തില്‍ പെടുന്നത്. ദക്ഷിണകൊറിയയിലെ ഒരു മൃഗശാലയിലെ ഒരു ആന മനുഷ്യ ശബ്ദം അനുകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

മനുഷ്യ ശബ്ദങ്ങളെ അനുകരിക്കാനായി നേരത്തെ തന്നെ വിക്കിയെ പരിശീലിപ്പിച്ചിരുന്നു. ഈ തിമിംഗലം നേരത്തെ ഒരിക്കല്‍ പോലും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത മനുഷ്യ ശബ്ദങ്ങളാണ് ഇവര്‍ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഹലോ, വണ്‍ ടൂ ത്രീ എന്നീ ശബ്ദങ്ങളൊക്കെ ആദ്യ ശ്രമത്തില്‍ തന്നെ വിക്കി പറഞ്ഞു. എന്നാല്‍ ചില ശബ്ദങ്ങള്‍ 17 തവണ വരെ പറയേണ്ടി വന്നെങ്കിലും അനുകരിച്ചുകാണിച്ച് വിക്കി താരമായി.

നേരത്തെ തന്നെ കടല്‍ പശുവിന്റേയും ഡോള്‍ഫിന്റേയും ശബ്ദങ്ങള്‍ ഈ കൊലയാളി തിമിംഗലങ്ങള്‍ അനുകരിക്കുന്ന കാര്യം പുറത്തുവന്നിരുന്നു. എന്നാല്‍ ആദ്യമായാണ് മനുഷ്യന്റെ ശബ്ദം അനുകരിക്കുന്നത്.