LiveTV

Live

International

സല്‍മാന്‍ രാജാവിന്റെ റഷ്യ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും

സല്‍മാന്‍ രാജാവിന്റെ റഷ്യ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും
Summary
റഷ്യയിലെത്തുന്ന ആദ്യ സൗദി ഭരണാധികാരിയാകും സല്‍മാന്‍ രാജാവ്

സല്‍മാന്‍ രാജാവിന്റെ റഷ്യ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. 10 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ സന്ദര്‍ശനത്തില്‍ ഒപ്പുവെച്ചേക്കും. സിറിയന്‍ പ്രശ്നവും ചര്‍ച്ചയാകുമെന്നതിനാല്‍ ശ്രദ്ധാകേന്ദ്രമാകും റഷ്യ. ഒപ്പം റഷ്യയിലെത്തുന്ന ആദ്യ സൗദി ഭരണാധികാരിയാകും സല്‍മാന്‍ രാജാവ്.

ബുധനാഴ്ച റഷ്യയിലത്തെുന്ന രാജാവ് വ്യാഴാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വാണിജ്യ, നിക്ഷേപ, സുരക്ഷ മേഖലയില്‍ 10 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ പിറക്കും. സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെ കാണുന്നുണ്ട് സാമ്പത്തിക ലോകം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകാ, പെട്രോകെമിക്കല്‍ ഭീമനായ സാബിക് എന്നിവയുമായി റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനികള്‍ വിവിധ കരാറുകളില്‍ രാജാവിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കും.

ഇരു രാജ്യങ്ങളിലും പുതിയ, പെട്രോള്‍, പെട്രോകെമിക്കല്‍ പ്ളാന്റുകള്‍ തുറക്കാനുള്ള ധാരണയാണുണ്ടാവുകയെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാരും ഭരണതലത്തിലെയും രാജകുടുംബത്തിലെയും ഉന്നതരും റഷ്യന്‍ സന്ദര്‍ശനത്തില്‍ രാജാവിനെ അനുഗമിക്കും. സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ കരാറനുസരിച്ചുള്ള ചര്‍ച്ചകളുമുണ്ടാകും. പ്രശ്നപരിഹാരത്തിനും രാജാവ് ശ്രമം നടത്തുമെന്നതിനാല്‍ സാമ്പത്തിക കരാറുകള്‍ പുറമെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് രാജാവിന്റെ സന്ദര്‍ശനം.

ചരിത്രത്തില്‍ വഴിത്തിരിവായേക്കാവുന്ന പര്യടനമെന്നാണ് സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശന തീരുമാനത്തെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വിശേഷിപ്പിച്ചത്. ഒപ്പം റഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗദി രാജാവ് എന്ന സ്ഥാനവും സല്‍മാന്‍ രാജാവിനുള്ളതായിരിക്കും. കിരീടാവകാശിയായിരിക്കെയാണ് അബ്ദുല്ല രാജാവും സല്‍മാന്‍ രാജാവും മുമ്പ് റഷ്യ സന്ദര്‍ശിച്ചത്.