LiveTV

Live

International

മാതാവ് 14 തവണ കുത്തി കുഴിച്ചിട്ടിട്ടും മരിക്കാതിരുന്ന അത്ഭുതക്കുട്ടിയെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു

മാതാവ് 14 തവണ കുത്തി കുഴിച്ചിട്ടിട്ടും മരിക്കാതിരുന്ന അത്ഭുതക്കുട്ടിയെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു
Summary
രക്ഷപ്പെട്ടശേഷം പ്രാദേശിക അനാഥാലയത്തിലെത്തിച്ച കുഞ്ഞിനെ പിന്നീട് സ്വീഡനില്‍ നിന്നുള്ള ദമ്പതികള്‍ ദത്തെടുത്തു

സ്വന്തം അമ്മ 14 തവണ കത്തികൊണ്ട് കുത്തിയശേഷം ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി. രക്ഷപ്പെട്ടശേഷം പ്രാദേശിക അനാഥാലയത്തിലെത്തിച്ച കുഞ്ഞിനെ പിന്നീട് സ്വീഡനില്‍ നിന്നുള്ള ദമ്പതികള്‍ ദത്തെടുത്തു. തായ്‌ലന്റില്‍ നിന്നാണ് ഈ അത്ഭുതക്കുട്ടിയുടെ ജീവിതകഥ.

ഇപ്പോള്‍ ഏഴ്മാസം പ്രായമായ ആണ്‍ കുഞ്ഞാണ് മരണമുഖത്തുനിന്നും ജീവിതം തിരിച്ചുപിടിച്ചത്. ഐഡിന്‍ എന്ന് വിളിക്കുന്ന കുട്ടിയെ കുത്തിയ ശേഷം 20 സെന്റീമീറ്ററോളം ആഴത്തില്‍ കുഴിച്ചിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തായ്‌ലന്റിലെ ഖോന്‍ കേന്‍ പ്രവിശ്യയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. ഈ കുഞ്ഞ് ജനിച്ച് വൈകാതെയായിരുന്നു കത്തികൊണ്ട് കുത്തി മരിച്ചെന്നു കരുതി കുഴിച്ചിട്ടത്.

കുട്ടിയെ കുഴിച്ചിട്ടപ്രദേശത്തുകൂടെ കാലികളെ മേച്ചുവന്ന നാട്ടുകാരിയാണ് മണ്ണിന് മുകളില്‍ ഒരു കുഞ്ഞികാല്‍ കണ്ട് ഐഡിനെ പുറത്തെടുത്തത്. കാലിയെ മേച്ചുവന്ന 53കാരിയായ കാച്ചിട്ട് ക്രോങ്യട്ട് കൈകൊണ്ട് മണ്ണുമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നടത്തിയ വിശദ പരിശോധനയിലാണ് 14 തവണ കുത്തേറ്റ വിവരം അറിയുന്നത്. മണ്ണില്‍ കുഴിച്ചിട്ടപ്പോള്‍ മണ്ണ് ശരീരത്തോട് ചേര്‍ന്ന് മണ്ണ് കിടന്നതുകൊണ്ടാണ് അധികം രക്തം വാര്‍ന്നുപോകാതെ ഐഡിന്‍ രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

മാതാവ് 14 തവണ കുത്തി കുഴിച്ചിട്ടിട്ടും മരിക്കാതിരുന്ന അത്ഭുതക്കുട്ടിയെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു

ആഴ്ച്ചകള്‍ നീണ്ട ചികിത്സക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്ത ഐഡിനെ സമീപത്തെ അനാഥാലയത്തിലേക്ക് മാറ്റി. ഐഡിന്റെ 42കാരിയായ അമ്മയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് തായ്‌ലന്റ് പൊലീസിന്റെ കണ്ടെത്തല്‍. കുഞ്ഞിനെ കുഴിച്ചിട്ട പ്രദേശത്തെ സ്‌കൂട്ടറിന്റെ ചക്രത്തിന്റെ പാടുകളും കാല്‍പാടുകളുമാണ് ഐഡിന്റെ അമ്മയിലേക്ക് പൊലീസിനെ എത്തിച്ചത്. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്.