LiveTV

Live

International

അമേരിക്കയിലെ വിരമിച്ച സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ വെടിവെപ്പ്: നാല് മരണം

അമേരിക്കയിലെ വിരമിച്ച സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ വെടിവെപ്പ്: നാല് മരണം
Summary
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള നാപ്പ വാലിയിലെ അഭയകേന്ദ്രത്തിലാണ് സംഭവം...

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. വിരമിച്ച സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ അക്രമകാരി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുന്‍ സൈനികനായ അക്രമി സംഭവത്തിന് ശേഷം ജീവനൊടുക്കുകയും ചെയ്തു.

കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള നാപ്പ വാലിയിലെ അഭയകേന്ദ്രത്തിലാണ് സംഭവം. ഇവിടെ കൌണ്‍സിലിംങ് നടത്തുന്നതിന് എത്തിയ പാത് വേ ഹോ എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഹോമിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലോബര്‍, ക്ലിനിക്കല്‍ ഡയറക്ടര്‍ ജെന്‍ ഗോളിക്, മനഃശാസ്ത്രജ്ഞ ജന്നിഫര്‍ ഗോണ്‍സാലസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മുന്‍ സൈനികനായ ആല്‍ബര്‍ട്ട് വോങാണ് വെടിയുതിര്‍ത്തത്. ഇദ്ദേഹം പാത് വേ ഹോമിന് കീഴില്‍ നേരത്തെ ചികിത്സ നേടിയിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ടിച്ച സൈനികരാണ് അഭയ കേന്ദ്രത്തില്‍ താമസിച്ചിരുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ അഭയകേന്ദ്രങ്ങളിലൊന്നായ ഇവിടെ ആയിരത്തോളം പേരാണ് അന്തേവാസികളായുള്ളത്.

ഒരു ജീവനക്കാരന്‍റെ യാത്രയയപ്പ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ അക്രമി ഹാളിലേക്ക് പ്രവേശിച്ചത്. വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി മൂന്ന് പേരെയൊഴികെ മറ്റുള്ളവരെ മുഴുവന്‍ ഹാളിന് പുറത്താക്കി. ശേഷം ഇവരെ ബന്ദികളാക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകീട്ട് അകത്ത് കടന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് സ്ത്രീകളുടേയും ഇയാളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫ്ലോറിഡയിലെ ഒരു സ്കൂളില്‍ മുന്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് അമേരിക്കയെ ആശങ്കയിലാക്കി മറ്റൊരു വെടിവെപ്പ് കൂടി നടന്നത്.