LiveTV

Live

International

സ്പെയിനിലെ കാറ്റലോണിയയില്‍ ഇന്ന് ഹിതപരിശോധന

സ്പെയിനിലെ കാറ്റലോണിയയില്‍ ഇന്ന് ഹിതപരിശോധന
Summary
ഹിതപരിശോധന നിയമവിരുദ്ധമാണെന്ന പ്രഖ്യാപിച്ച സ്പെയിന്‍ സര്‍ക്കാര്‍, പോളിങ് സ്റ്റേഷനുകളായി തീരുമാനിച്ച സ്കൂളുകള്‍ പൂട്ടി സീല്‍ ചെയ്തു.

സ്പെയിനിലെ കാറ്റലോണിയന്‍ പ്രവിശ്യയില്‍ ഇന്ന് ഹിതപരിശോധന നടക്കും. സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടി പുറത്തുപോകണമോ എന്ന കാര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന പ്രഖ്യാപിച്ച സ്പെയിന്‍ സര്‍ക്കാര്‍, പോളിങ് സ്റ്റേഷനുകളായി തീരുമാനിച്ച സ്കൂളുകള്‍ പൂട്ടി സീല്‍ ചെയ്തു.

സ്പെയിനും കാറ്റലോണിയയും രണ്ടാകുമോ? ജനഹിത പരിശോധന നടത്താനുറച്ച് കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാറും നിയമവിരുദ്ധമാണ് ഹിതപരിശോധനയെന്ന് കേന്ദ്ര സര്‍ക്കാറും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുകയാണ്. വോട്ടെടുപ്പിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേ വോട്ടെടുപ്പ് തടയാന്‍ സര്‍വസന്നാഹങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ച നൂറ് കണക്കിന് സ്കൂളുകള്‍ പൂട്ടി സീല്‍ ചെയ്തു. ലക്ഷക്കണക്കിന് ബാല്റ്റ് പേപ്പറുകള്‍ പിടിച്ചെടുത്തു. ഹിത പരിശോധനക്കായി വാദിക്കുന്ന നേതാക്കള്‍ അറസ്റ്റിലാണ്. ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്നും ഫലത്തിന് യാതൊരു നിയമ പിന്തുണ ഉണ്ടാകില്ലെന്നും സ്പെയിനിലെ ഭരണഘടനാ കോടതിയും ഉത്തരവിട്ടു.

കാറ്റലോണിയയിലെ ജനങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം മുതലേ പോളിങ്ങ് സ്റ്റേഷനുകളായ പ്രഖ്യാപിച്ച സ്കൂളുകളില്‍ താമസം തുടങ്ങി. 9മണിക്കാണ് പോളിങ് ആരംഭിക്കുക.എന്നാല്‍ 6 മണിക്ക് ശേഷം ആരേയും പോളിങ് സ്റ്റേഷനുകളില്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തടസങ്ങളില്ലാതെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനാകുമെന്ന് കറ്റാലന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഹിത പരിശോധനയെ എതിര്‍ത്ത് കറ്റാലന്‍ തലസ്ഥാനമായ ബാഴ്‍സലോണയിലും സ്പെയില്‍ തലസ്ഥാനമായ മാഡ്രിഡിലും ജനങ്ങള്‍ തെരുവിലിറങ്ങി. കറ്റാലന്‍ സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 49.4 ശതമാനം പേര്‍ സ്പെയിനില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടപ്പോള്‍, 41.1 ശതമാനം പേരാണ് സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞത്.