LiveTV

Live

International

റഷ്യയുടെ വീറ്റോയെ കടത്തിവെട്ടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍

റഷ്യയുടെ വീറ്റോയെ കടത്തിവെട്ടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍
Summary
യുഎന്‍ രക്ഷാസമിതിയില്‍ 11 തവണയാണ് റഷ്യ, അസദ് ഭരണകൂടത്തെ സഹായിക്കാന്‍ വീറ്റോ അധികാരം ഉപയോഗിച്ചത്.

സിറിയന്‍ വിഷയത്തില്‍ റഷ്യ നിരന്തരം വീറ്റോ അധികാരം ഉപയോഗിക്കുന്നതിനെ മറികടക്കാനൊരുങ്ങി പാശ്ചാത്യ രാജ്യങ്ങള്‍. റഷ്യന്‍ വീറ്റോ അധികാരം മറികടക്കാന്‍ അപൂര്‍വ്വമായി പ്രയോഗിക്കുന്ന മാര്‍ഗം തെരഞ്ഞെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുഎന്‍ രക്ഷാസമിതിയില്‍ 11 തവണയാണ് റഷ്യ, അസദ് ഭരണകൂടത്തെ സഹായിക്കാന്‍ വീറ്റോ അധികാരം ഉപയോഗിച്ചത്.

സിറിയന്‍ സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കെതിരെ രാസായുധപ്രയോഗം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം നിരന്തരം റഷ്യ വീറ്റോ ചെയ്യുന്ന അവസ്ഥയാണുള്ളത്. യുഎന്‍ രക്ഷാസമിതിയില്‍ മാസങ്ങളായി ഇതുസംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യരാജ്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. റഷ്യന്‍ വീറ്റോ അധികാരം മറികടക്കാന്‍ അപൂര്‍വ്വമായി പ്രയോഗിക്കുന്ന മാര്‍ഗം തെരഞ്ഞെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുമുമ്പ് ശീതയുദ്ധകാലത്താണ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചിട്ടുള്ളത്. ഇതിന് മുമ്പ് യുഎന്‍ രക്ഷാസമിതിയില്‍ സിറിയക്കെതിരായ നീക്കങ്ങളെ 11 തവണ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ തടഞ്ഞു. സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ 2017 നവംബറില്‍ കൊണ്ടുവന്ന പ്രമേയവും റഷ്യ വീറ്റോ ചെയ്തിരുന്നു. സിറിയന്‍ സര്‍ക്കാരിനെതിരായ നീക്കം വിരോധം മൂലമാണെന്നാണ് ന്യായീകരണമായി പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ കൂട്ടായ പരിശ്രമത്തിന്റെ അവസാനം ആയിരിക്കരുത് റഷ്യൻ വിറ്റോ അധികാരമെന്നും സിറിയന്‍ രാസായുധ പ്രയോഗത്തിന് അന്ത്യം കുറിക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മേധാവിയും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനുമായ ഇയാന്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ ഏഴിന് സിറിയന്‍ സര്‍ക്കാര്‍ ദൂമയില്‍ രാസായുധം പ്രയോഗിച്ചതിന്റെ പ്രതികാരമെന്നോണം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. രാസായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന നിലവില്‍ ദൂമയിലാണുള്ളത്. ഇവരെ ദൂമയില്‍ പ്രവേശിപ്പിക്കാന്‍ സിറിയന്‍ സഖ്യകക്ഷികളായ റഷ്യ ആദ്യഘട്ടത്തില്‍ എതിര്‍ത്തെങ്കിലും ലോകരാജ്യങ്ങള്‍ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് റഷ്യ വഴങ്ങുകയായിരുന്നു. എന്നാല്‍ അവരുടെ കണ്ടെത്തല്‍ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ശീതയുദ്ധകാലത്തേതിന് സമാനമാണ് നിലവില്‍ സിറിയയിലെ അവസ്ഥയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് നേരത്തെ പറഞ്ഞിരുന്നു.