LiveTV

Live

International

തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാനുള്ളതല്ലെന്ന് ഉര്‍ദുഗാന്‍

തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാനുള്ളതല്ലെന്ന് ഉര്‍ദുഗാന്‍
Summary
യുഎന്നില്‍ അമേരിക്കയുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു

ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്താല്‍ ലോകരാഷ്ട്രങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി തുര്‍ക്കി. തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാനുള്ളതല്ലെന്ന് പ്രസിഡന്റ രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. വിഷയത്തില്‍ തുര്‍ക്കി അമേരിക്കയെ പിന്തുണക്കുന്നില്ലെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ട്രംപ് താങ്കള്‍ക്ക് തുര്‍ക്കിയുടെ ജനാധിപത്യത്തെ ഡോളര്‍ ഉപയോഗിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. യു.എന്നില്‍ അമേരിക്കക്ക് പ്രതീക്ഷിച്ച ഫലം കിട്ടില്ല. ലോക രാജ്യങ്ങള്‍ അമേരിക്കയെ നല്ലൊരു പാഠം പഠിപ്പിക്കണം. ഇങ്ങനെയായിരുന്നു ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കിയുള്ള അമേരിക്കന്‍ തീരുമാനത്തോട് ഉര്‍ദുഗാന്റെ പ്രതികരണം.

യുഎന്നില്‍ അമേരിക്കയുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുളള മറുപടി കൂടിയായിരുന്നു ഉര്‍ദുഗാന്റെ പ്രതികരണം. ഡിസംബര്‍ ആറാം തിയതിയാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഇതിനെതിരെ ലോകരാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാണ്.