LiveTV

Live

International

ഫലസ്തീന്‍ വിഷയത്തില്‍ ദിശാമാറ്റം സൂചിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു

ഫലസ്തീന്‍ വിഷയത്തില്‍ ദിശാമാറ്റം സൂചിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു
Summary
ഇസ്രായേല്‍ അധീനതയിലുള്ള ഫലസ്തീന്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഫണ്ട് നല്‍കരുതെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു

ഫലസ്തീന്‍ വിഷയത്തില്‍ ദിശാമാറ്റം സൂചിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു. പലസ്തീനിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് പാര്‍ലമെന്റിലെത്തിയത്. ഇസ്രായേല്‍ അധീനതയിലുള്ള ഫലസ്തീന്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഫണ്ട് നല്‍കരുതെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു.

മിനോസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററായ ബെറ്റി മക്കല്ലമാണ് പലസ്തീന്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ബില്‍.

കുട്ടികളെ പീഡിപ്പിക്കുക, ജയിലടക്കുക രക്ഷിതാക്കളെ കാണാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേലി കമ്പനികള്‍ക്ക് ഫണ്ട് നല്‍കരുതെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ബില്‍ നിയമമാവണമെങ്കില്‍ ആദ്യം പ്രതിനിധി സഭയിലും പിന്നീട് സെനറ്റിലും പാസാക്കിയെടുക്കണം. ഈ സാഹചര്യത്തില്‍ ബില്‍ നിയമമാകാന്‍ സാധ്യതയില്ലെങ്കിലും ഇസ്രായേല്‍ -ഫലസ്തീന്‍ വിഷയത്തില്‍ പൊതു ജനാഭിപ്രായത്തില്‍ കാതലായ മാറ്റമുണ്ടാകുന്നതിന്റെ സൂചനയായാണ് ബില്ലിനെ കണക്കാക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്. പലസ്തീന്‍ കുട്ടികള്‍ളെ അക്രമിക്കുന്ന ഇസ്രായേല്‍ പട്ടാളത്തിന് അമേരിക്കക്കാരുടെ നികുതിപ്പണം പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും, മനുഷ്യാവകാശം ഉറപ്പു വരുത്തുന്നതിലുമാണ് തന്റെ ലക്ഷ്യമെന്നും ബെറ്റി മക്കല്ലം ട്വിറ്ററില്‍ കുറിച്ചു.