LiveTV

Live

International

സിറിയന്‍ രാസായുധ ആക്രമണത്തില്‍ ഉപയോഗിച്ചത് നിരോധിത സരിന്‍ രാസവസ്തു 

സിറിയന്‍ രാസായുധ ആക്രമണത്തില്‍ ഉപയോഗിച്ചത് നിരോധിത സരിന്‍ രാസവസ്തു 
Summary
ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്

കഴിഞ്ഞ ഏപ്രിലില്‍ 89 പേരുടെ മരണത്തിന് ഇടയാക്കിയ സിറിയന്‍ രാസായുധ ആക്രമണത്തില്‍ ഉപയോഗിച്ചത് നിരോധിത സരിന്‍ രാസവസ്തുവാണെന്ന് കണ്ടെത്തല്‍. യുഎന്‍ രാസായുധ നിരീക്ഷണ ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച രാസായുധ പ്രയോഗം ഉണ്ടായത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷേയ്കൂണില്‍ ഉണ്ടായ ആക്രമണത്തില്‍ 89 പേര്‍ അതി ദാരുണമായി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

യുഎനിന്റെ രാസായുധ നിരീക്ഷണ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്തയ്യാറാക്കിയത്. സാക്ഷികളോട് സംസാരിച്ചും സാന്പിളുകള് പരിശോധിച്ചുമാണ് ഹേഗ് ആസ്ഥാനമായ നിരീക്ഷണ ഏജന്‍സി നിഗമനത്തിലെത്തിയത്. ആക്രമണം ഉണ്ടായ വിമത നിയന്ത്രണത്തിലുള്ള ഖാന് ഷെയ്കൂണ്‍ നഗരം സമിതി സന്ദര്‍ശിച്ചിട്ടില്ല. സരിനോ- അതിനോട് സാമ്യമുള്ള വസ്തുക്കളോ ആകാം ഉപയോഗിച്ചതെന്നാണ് വിലയിരുത്തല്‍. നിരീക്ഷണസമിതി അംഗങ്ങള്‍ക്ക് മാത്രം നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് ഐക്യരാഷ്ട്ര സഭയും രാസായുധ നിരീക്ഷണസമിതിയും സംയുക്തമായി ശ്രമിക്കുന്നുണ്ട്. ആക്രമണം നടത്തിയത് അസദ് ഭരണകൂടമാണെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കുറ്റപ്പെടുത്തിയിരുന്നു. ആരോപണം നിഷേധിച്ച് സിറിയ രംഗത്ത് വന്നിരുന്നു. രാസായുധ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് യുഎസ് മിസൈല് ആക്രമണം നടത്തിയിരുന്നു. റിപ്പോര്ട്ടിന്മേല്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഎസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.