LiveTV

Live

International

തുര്‍ക്കി - റഷ്യ നയതന്ത്രബന്ധം പൊട്ടിത്തെറിയിലേക്ക്

തുര്‍ക്കി - റഷ്യ നയതന്ത്രബന്ധം പൊട്ടിത്തെറിയിലേക്ക്
Summary
തുര്‍ക്കിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് ഫലത്തില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് കൂടുതല്‍ രാഷ്ട്രീയ പിന്‍ബലമായി മാറും.
തുര്‍ക്കി - റഷ്യ നയതന്ത്രബന്ധം പൊട്ടിത്തെറിയിലേക്ക്

തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ വധം വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് ഫലത്തില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് കൂടുതല്‍ രാഷ്ട്രീയ പിന്‍ബലമായി മാറും.

അംബാസഡര്‍ ആന്ദ്റെ കാര്‍ലോവ് വെടിയേറ്റു മരിക്കാനിടയായ സാഹചര്യത്തില്‍, മോസ്കോയുടെ ഭാഗത്തു നിന്നുള്ള അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അലപ്പോയില്‍ ബശ്ശാറുല്‍ അസദ് സൈന്യത്തിന് ഇറാനൊപ്പം പൂര്‍ണ സൈനിക പിന്തുണയാണ് റഷ്യ നല്‍കി വരുന്നത്. അതേ സമയം സംഘര്‍ഷ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് റഷ്യ ആവശ്യമായ സഹായം നല്‍കി വരുന്നതിനിടെയാണ് അങ്കാറയില്‍ അംബാസഡറുടെ കൊല നടന്നത്. 2015ല്‍ സിറിയന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. സംഭവത്തില്‍ തുര്‍ക്കി മാപ്പിരന്നതോടെയാണ് പ്രതിസന്ധി അയഞ്ഞത്. പിന്നിട്ട മാസങ്ങളില്‍ പലതവണ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ് ഉറുദുഗാനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു സംഘര്‍ഷം ലഘൂകരിക്കാന്‍ അത് വഴിയൊരുക്കുകയും ചെയ്തു. അലപ്പോയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന സംരംഭത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ മികച്ച സഹകരണം രൂപപ്പെടുകയും ചെയ്തു.

അങ്കാറയിലും ഇസ്തംബൂളിലും മറ്റും കഴിഞ്ഞദിവസങ്ങളില്‍ അലപ്പോ സംഭവത്തില്‍ ജനരോഷം ശക്തമായിരുന്നു. തുര്‍ക്കിയില്‍ മാത്രമല്ല, അറബ് ലോകത്തും റഷ്യ-സിറിയ-ഇറാന്‍ അച്ചുതണ്ടിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അംബാസഡറുടെ കൊല. സംഭവത്തെ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാന്‍ തന്നെയാകും സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്റെ നീക്കം. അലപ്പോ സംഭവം ഉയര്‍ത്തിക്കാട്ടി റഷ്യക്കും ഇറാനുമെതിരെ സമ്മര്‍ദം രൂപപ്പെടുത്താനുള്ള അറബ് നീക്കവും ഇതോടെ ദുര്‍ബലപ്പെടുന്ന സാഹചര്യമാകും ഉണ്ടാവുക.