LiveTV

Live

International

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ ബോക്കോഹറം തിരിച്ചയച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ ബോക്കോഹറം തിരിച്ചയച്ചു
Summary
ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്കൂളില്‍ നിന്ന് കൊണ്ടുപോയതില്‍ 101 പേരെയാണ് വിട്ടയച്ചത്.

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്കൂളില്‍ നിന്ന് കൊണ്ടുപോയതില്‍ 101 പേരെയാണ് വിട്ടയച്ചത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

മടങ്ങിയെത്തിയ കൂട്ടത്തിലുള്ള ഖദീജ നിറകണ്ണുകളോടെയാണ് ആ ദിനങ്ങള്‍ വിവരിച്ചത്. കഴിഞ്ഞ ഒരു മാസമായി ദാപ്ച്ചിയില്‍ നിന്നും കുറേ ദൂരത്തിലുള്ള ഏതോ ഒരു ഗ്രാമത്തിലായിരുന്നു ഈ കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. മറ്റെവിടെയും ഇവരെ കൊണ്ടുപോയിട്ടില്ലെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. കഴിക്കാന്‍ നല്ല ഭക്ഷണം തന്നു. യാതൊരു ഉപദ്രവവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും കുട്ടികള്‍ പറയുന്നു. ഫെബ്രുവരി 19നാണ് വടക്കുകിഴക്കന്‍ നൈജീരിയയിലെ ദാപ്ച്ചിയിലുള്ള ഗേള്‍സ് സയന്‍സ് ആന്‍ഡ് ടെക്നിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 110 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

2014ല്‍ ചിബോക്കില്‍ 270 പെണ്‍കുട്ടികളെ കൊണ്ടുപോയതിന് ശേഷമുണ്ടായ വലിയ തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്തവണത്തേത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെല്ലാം 11നും 19നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 110പേരില്‍ 101പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. എന്നാല്‍ പെണ്‍കുട്ടികളുടെ മോചനത്തിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.