LiveTV

Live

International

ചോരയില്‍ കുളിച്ച് ഗൂത; ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ ആളുകള്‍

ചോരയില്‍ കുളിച്ച് ഗൂത; ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ ആളുകള്‍
Summary
സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്.

സിറിയയിലെ ഗൂതയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ 21 ദിവസത്തിനിടെയാണ് ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടത്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്.

227 കുട്ടികളും 154 സ്ത്രീകളുമടക്കം 1099 പേരാണ് കഴിഞ്ഞ 21 ദിവസത്തിനിടെ ഗൂതയില്‍ കൊല്ലപ്പെട്ടത്. 4378 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. ഇപ്പോഴും യുദ്ധവിമാനങ്ങള്‍ ഗൂതയുടെ ആകാശത്ത് പറക്കുന്നു. ഭൂഗര്‍ഭ താവളങ്ങളും ജനങ്ങള്‍ അഭയം തേടുന്ന പള്ളികളും സ്കൂള്‍ കെട്ടിടങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷം. കിഴക്കന്‍ ഗൂതയിലെ അര്‍ബിനില്‍ വീണ്ടും രാസായുധ പ്രയോഗം നടന്നതായും ആരോപണമുണ്ട്. ക്ലോറിന്‍ വാതകവും ഫോസ്ഫറസ് ബോംബ് പ്രയോഗിച്ച് ഇര്‍ബിന്‍ നഗരത്തെ സിറിയന്‍ സര്‍ക്കാര്‍ നശിപ്പിച്ചതായി സന്നദ്ധ സംഘടന വൈറ്റ് ഹെല്‍മെറ്റ് ആരോപിച്ചു.

ഈ അടുത്ത ദിവസങ്ങള്‍ക്കുള്ളിലെ രണ്ടാമത്തെ രാസായുധ പ്രയോഗമാണിത്. ഹമൌറിയ നഗരത്തില്‍ ഫോസ്ഫറസ് ബോംബ് വര്‍ഷിക്കുന്നതിന്‍റേയും പ്രദേശവാസികള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതിന്‍റേയും ദൃശ്യങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെക്ദാദ് നിഷേധിച്ചു. പ്രദേശങ്ങള്‍ തീവ്രവാദികളുടെ കൈകളിലാണെന്നും അവരെ പിന്തുണക്കുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.