LiveTV

Live

International

ട്രംപ് പ്രസിഡന്റായിട്ട് ഒരാണ്ട്; വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല

ട്രംപ് പ്രസിഡന്റായിട്ട് ഒരാണ്ട്; വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല
Summary
വിദേശനയത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെയാണ് ട്രംപിന്റെ ഒരുവര്‍ഷത്തെ ഭരണകാലഘട്ടം കഴിഞ്ഞ് പോകുന്നത്.

അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ മുതല്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ അധിക്ഷേപിച്ചത് വരെ വിവാദങ്ങളുടെ കൂമ്പാരമായിരുന്നു കഴിഞ്ഞ പന്ത്രണ്ട് മാസം. വിദേശനയത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെയാണ് ട്രംപിന്റെ ഒരുവര്‍ഷത്തെ ഭരണകാലഘട്ടം കഴിഞ്ഞ് പോകുന്നത്.

അപ്രതീക്ഷിതമായിരുന്നു ഡൊണാള്‍ഡ് ട്രംപ് എന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്റെ തെരഞ്ഞെടുപ്പ് ജയം. അധികാരത്തിലേറിയ അന്ന് മുതല്‍ വിവാദങ്ങളുടെ ഉറ്റതോഴനായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അധികാര ആരോഹണചടങ്ങ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍സമരത്തില്‍ മുങ്ങുകയായിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും റഷ്യയും തമ്മില്‍ ഇടപാടുണ്ടായി എന്ന വാര്‍ത്തയായിരുന്നു വലിയ വിവാദമുണ്ടാക്കിയത്. ആരോപണത്തിന്മേലുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഏഴ് മുസ്‍ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പ് വെച്ച് ആഗോളതലത്തില്‍ വിമര്‍ശം ഏറ്റുവാങ്ങി. ഉത്തരകൊറിയ-ഇറാന്‍ എന്നീ വിഷയങ്ങളില്‍ ഡൊണാള്‍‍ഡ് ട്രംപ് നടത്തിയ നയതന്ത്രശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. വിദേശനയത്തിന്റെ കാര്യത്തില്‍ ഒരുവര്‍ഷമായും വ്യക്തത വരുത്താന്‍ ട്രംപ് ഭരണകൂടത്തിന് കഴിയാത്തത് വലിയ പോരായ്മയാണ്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുപ്രധാന വിഷയമായ ജറൂസലേമിന്റെ കാര്യത്തില്‍ ഇസ്രയേലിനൊപ്പം നിലകൊണ്ടു എന്നത് മാത്രമാണ് ആകെയുളള പ്രത്യക്ഷനടപടി. കുടിയേറ്റ രാഷ്ട്രങ്ങളെ വൃത്തികെട്ട ഇടം എന്ന് വിശേഷിപ്പിച്ചതോടെ ട്രംപിന്റെ ജനകീയത പാടെ താഴ്ന്നുകഴിഞ്ഞു. എന്‍ബിസി നടത്തിയ സര്‍വേയില്‍ കേവലം 39 ശതമാനമാണ് ട്രംപിന്റെ റേറ്റിങ്. ഒരുവര്‍ഷത്തെ ഭരണകാലഘട്ടത്തിനിടെ അമേരിക്കയിലെ ഒരു പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും താഴ്ന്ന റേറ്റിങ്ങാണിത്. ഒരുവര്‍ഷത്തിനിടെ വൈറ്റ് ഹൌസ് വക്താവ് ഉള്‍പ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ച് പോയതും ട്രംപിന്റെ സ്വീകാര്യതക്കുള്ള തിരിച്ചടിയാണ്.