LiveTV

Live

International

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് 

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് 
Summary
പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുകയാണ്. പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി സമരക്കാരോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസവും തുടരുകയാണ്. മഷ്ദാദില്‍ ആരംഭിച്ച പ്രതിഷേധം പല നഗരങ്ങളിലേക്കും വ്യാപിച്ചു. സര്‍ക്കാര്‍ അനുകൂലികളും പ്രകടനങ്ങള്‍ നടത്തിയതോടെ ഇറാന്‍ സംഘര്‍ഷഭരിതമായി.

ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ 400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലസ്ഥാനമായ തെഹ്റാനിലെ എന്‍ഖലബ് സ്ക്വയറില്‍ ഇന്നലെ വൈകുന്നേരം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. നിലവില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് തലസ്ഥാനം. ന്യായമായ സമരം നടത്താന്‍ അവകാശമുണ്ടെന്ന് പറഞ്ഞ റൂഹാനി, ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഇറാനില്‍ മാറ്റത്തിന് സമയമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. സ്വാതന്ത്ര്യവും ഭക്ഷണവും അവര്‍ക്കനിവാര്യ മായിരിക്കുന്നെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ ജനതയുടേത് ധീരമായ പോരാട്ടമാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രതികരിച്ചു. ഇറാനിലെ ജനതക്ക് സ്വാതന്ത്ര്യം വേണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരക്ഷിക്കുന്നുണ്ടെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും പ്രതികരിച്ചു.