LiveTV

Live

International

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പരാമര്‍ശിക്കാതെ മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പരാമര്‍ശിക്കാതെ മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം
Summary
ലോകമെങ്ങും ഉറ്റുനോക്കിയിരുന്നത് മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെകുറിച്ച് മാര്‍പാപ്പ എന്ത് പറയും എന്നതായിരുന്നു

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം. ഏഷ്യാ സന്ദര്‍ശനത്തിനിടെ മ്യാന്‍മറില്‍ നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചത്.. ആങ്സാന്‍ സ്യൂചി, പ്രസിഡന്റ് തിന്‍ ക്യോ, സേനാമേധാവി മിന്‍ ആങ് ലൈംഗ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

ലോകമെങ്ങും ഉറ്റുനോക്കിയിരുന്നത് മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെകുറിച്ച് മാര്‍പാപ്പ എന്ത് പറയും എന്നതായിരുന്നു. എന്നാല്‍ ആ വിഷയത്തെ കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ചും അതിനെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയും വികസനത്തെയുള്‍പ്പെടെ ബാധിക്കുന്നതായി മാത്രമാണ് പാപ്പ പറഞ്ഞത്.

അധ്യക്ഷ പദവിയിലുണ്ടായിരുന്ന ആങ് സാന്‍ സ്യൂചിയും ആഭ്യന്തര പ്രതിസന്ധികളെ കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. റാഖെയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കണക്കുകള്‍ നിരത്തിയാണ് സൂചി തുടര്‍ന്നത്. ആറ് ലക്ഷത്തിനടുത്ത് അഭയാര്‍ഥികള്‍ വടക്കന്‍ റാഖൈയില്‍ നിന്ന് പലായനം ചെയ്തതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുവായി ഈ വിഷയത്തിലെ നിലപാട് സൂചിയും പറഞ്ഞില്ല. റോഹിങ്ക്യകളെ പൌരന്‍മാരായി അംഗീകരിക്കാത്ത വലിയൊരു വിഭാഗം ജനതയാണ് മ്യാന്‍മറിലുള്ളത്. ഭരണകൂടത്തിന്റെ നിലപാടും വ്യത്യസ്തമല്ല. ആറ് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പ മ്യാന്‍മറിലെത്തിയത്.